കോന്നി ടൗണില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള
സാധ്യതാ പഠനം കെഎസ്ടിപി തുടങ്ങി
കോന്നിയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ടൗണില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം കെഎസ്ടിപി ആരംഭിച്ചു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണ അവലോകനത്തിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോന്നിയിലെത്തിയപ്പോള്‍ കോന്നി ടൗണില്‍ മേല്‍പ്പാലം വേണമെന്ന നിര്‍ദേശം അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിയ്ക്ക് മുന്‍പാകെ വച്ചിരുന്നു. വിഷയം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു പറഞ്ഞ മന്ത്രി മേല്‍പ്പാല സാധ്യത പഠിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ടിപിയ്ക്ക് നിര്‍ദേശം നല്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് കെഎസ്ടിപി ഉദ്യോഗസ്ഥരും മേല്‍പ്പാലം നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയവരും ഉള്‍പ്പെട്ട സംഘം കോന്നിയിലെത്തിയത്. എംഎല്‍എയോടൊപ്പമാണ് സംഘം ടൗണില്‍ സന്ദര്‍ശനം നടത്തിയത്. കോന്നി റിപ്പബ്ലിക്കന്‍ ഹൈസ്‌കൂളിനു മുന്‍പില്‍ നിന്നും ആരംഭിച്ച് മാരൂര്‍ പാലത്ത് അവസാനിക്കത്തക്ക നിലയിലുള്ള മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള സാധ്യതയാണ് സംഘം പരിശോധിച്ചത്. ഒന്നര കിലോമീറ്റര്‍ ആയിരിക്കും മേല്‍പ്പാലത്തിന്റെ നീളം. മേല്‍പ്പാലത്തിന്റെ തുടക്ക സ്ഥലത്ത് 20 മീറ്റര്‍ വീതി ആവശ്യമാണ്. റോഡിന്റെ മധ്യഭാഗത്തായി 10 മീറ്റര്‍ വീതിയില്‍ രണ്ടു വരി പാതയായായിരിക്കും മേല്‍പ്പാലം നിര്‍മിക്കുക. റോഡില്‍ നിന്നും 7.5 മീറ്റര്‍ ഉയരം മേല്‍പ്പാലത്തിനുണ്ടാകും.
കോന്നി ഗവ മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഇതോടെ നൂറുകണക്കിന് വാഹനങ്ങള്‍ കോന്നി ടൗണിലേക്ക് എത്തുന്ന സ്ഥിതിയാകും. ശബരിമല തീര്‍ഥാടകള്‍ ഉള്‍പ്പടെ ഉപയോഗിക്കുന്ന പ്രധാന പാതയാണ് കോന്നിയിലൂടെ കടന്നുപോകുന്നത്. ഇപ്പോള്‍ തന്നെ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കാണ് കോന്നിയില്‍ അനുഭവപ്പെടുന്നത്. മേല്‍പ്പാലം വന്നാല്‍ കോന്നി ടൗണില്‍ കയറേണ്ടാത്ത വാഹനങ്ങള്‍ മേല്‍പ്പാലത്തിലൂടെ കടന്നു പോകും.
കോന്നിയിലേക്ക് വരേണ്ട വാഹനങ്ങള്‍ക്ക് മേല്‍പ്പാലത്തിന്റെ തുടക്ക ഭാഗത്ത് നിന്നും അഞ്ചു മീറ്റര്‍ വീതിയുള്ള റോഡ് ഇരുവശത്തായും ഉണ്ടാകും. മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് അവസാനിക്കുന്ന ഭാഗത്തു നിന്നും അഞ്ചു മീറ്റര്‍ റോഡ് മേല്‍പ്പാലത്തിന്റെ അടിഭാഗത്തേക്കു മാറി കൂടുതല്‍ വീതിയുള്ള റോഡാകും. മേല്‍പ്പാലത്തിന്റെ അടിയില്‍ തൂണുകള്‍ക്കിടയില്‍ ലഭിക്കുന്ന സ്ഥലം പാര്‍ക്കിംഗിനും ഉപകരിക്കും. ഇത് പൊതുജനങ്ങള്‍ക്കും, ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ സഹായകമാകും.
കോന്നി ടൗണില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ഒരു മേല്‍പ്പാലമുണ്ടായാല്‍ ഗതാഗത കുരുക്കിനു പരിഹാരമാകുന്നതിനൊപ്പം കോന്നിയുടെ മുഖച്ഛായ തന്നെ മാറും. കോന്നിയുടെ പ്രധാന പാതയില്‍ ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനൊപ്പം മേല്‍പ്പാലവും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞാന്‍ കോന്നിക്ക് അത് പുത്തന്‍ വികസന കുതിപ്പായി മാറും.
പുതുതായി വസ്തു ഏറ്റെടുക്കുന്നത് പരമാവധി ഒഴിവാക്കി മേല്‍പ്പാലം നിര്‍മിക്കാന്‍ കഴിയുമോ എന്നതാണ് പരിശോധിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. മേല്‍പ്പാലം എന്ന ബൃഹദ് പദ്ധതി സമയബന്ധിതമായി യാഥാര്‍ഥ്യമാക്കാനുള്ള നിരന്തര ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയെ കൂടാതെ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.കെ. ജാസ്മിന്‍, അസി.എക്സി.എന്‍ജിനീയര്‍ റോജി. പി. വര്‍ഗീസ്, കണ്‍സള്‍ട്ടിംഗ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് (സി.ഇ.ജി) ബ്രിഡ്ജസ് വിഭാഗം എന്‍ജിനിയര്‍ കെ.എ.രാജേന്ദ്രന്‍, സി.ജെ. അരവിന്ദ്, സി.വി.സി പ്രൊജക്ട് മാനേജര്‍ പി.ബിജു തുടങ്ങിയവരും സാധ്യതാ പഠന സന്ദര്‍ശനത്തില്‍ പങ്കെടുത്തു.