Trending Now

കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (04/06/2021 )

കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (04/06/2021 )

ലോക്ക്ഡൗണ്‍ ഇളവുകള്‍: ലംഘനങ്ങള്‍ അനുവദിക്കില്ല

കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍, കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും, സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന സ്ഥാപനങ്ങളും മാത്രമേ തുറക്കാന്‍ അനുവദിക്കൂ. വ്യാപാര സ്ഥാപനങ്ങളുടെ ജനാലകള്‍ തുറന്നിടണം, എ.സി കള്‍ പ്രവര്‍ത്തിപ്പിക്കരുത്, സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ഇതിനായി കടകള്‍ക്കുമുന്നില്‍ തറയില്‍ പ്രത്യേക അടയാളങ്ങള്‍ രേഖപ്പെടുത്താനും സാനിറ്റൈസര്‍ സൗകര്യം ഏര്‍പ്പെടുത്താനും ഉള്‍വശം ആളുകളെ നിയന്ത്രിക്കാണും ഉടമകള്‍ ശ്രദ്ധിക്കണം.

ആള്‍ക്കൂട്ടം എവിടെയും അനുവദിക്കില്ല. ഇക്കാര്യങ്ങളിലെല്ലാം നിരീക്ഷണം നടത്തുന്നതിന് എല്ലാ എസ്എച്ച്ഒ മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടൈയ്ന്‍മെന്റ് സോണുകള്‍, രോഗവ്യാപനം കൂടിയ പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
(5) മുതല്‍ ഒന്‍പതാം തീയതി വരെ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മറ്റും പ്രവര്‍ത്തിക്കാം, സമയം രാവിലെ 9 മുതല്‍ രാത്രി 7.30 വരെയാണ്. വിലക്കുകള്‍ ലംഘിക്കാനുള്ള ശ്രമങ്ങള്‍ തടയുകയും കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 203 കേസുകളിലായി 196 പേരെ അറസ്റ്റ് ചെയ്തു.67 വാഹനങ്ങളാണ് പിടിച്ചെടുത്തത്,13 കടകള്‍ക്കെതിരെ നടപടിയെടുത്തു. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1067 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 485 ആളുകള്‍ക്കെതിരെയും നടപടിയെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഇതുവരെ ജില്ലയില്‍ ലഭിച്ച പോലീസ് ഇ പാസ് അപേക്ഷകളുടെ എണ്ണം 53914 ആണ്, 12655 അപേക്ഷകളില്‍ ഇ പാസ് അനുവദിച്ചു. 41200 എണ്ണവും തള്ളി, പരിഗണനയിലുള്ളത് 59 അപേക്ഷകള്‍ മാത്രമാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ജില്ലയിലെ ഓള്‍ഡ് ഏജ് ഹോം അന്തേവാസികള്‍ക്ക് എട്ടിന് വാക്‌സിനേഷന്‍ നടക്കും

പത്തനംതിട്ട ജില്ലയിലെ ഓള്‍ഡ് ഏജ് ഹോം, ബെഗര്‍ ഹോം, സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററര്‍ എന്നിവിടങ്ങളിലുള്ള 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഈ മാസം എട്ടിന് നടക്കും. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് മീറ്റിംഗിലാണ് തീരുമാനം.
കോവീഷീല്‍ഡിന് ആദ്യ ഡോസ് കഴിഞ്ഞ് 84 ദിവസം കഴിഞ്ഞവര്‍ക്കും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞവര്‍ക്കും രണ്ടാമത്തെ ഡോസ് എടുക്കാന്‍ സാധിക്കും. ജില്ലയിലെ ഓള്‍ഡ് ഏജ് ഹോമുകളിലുള്ള 747 പേര്‍ക്കാണ് വാക്‌സിനേഷന്‍ കിട്ടാനായുള്ളത്. വാക്‌സിനേഷന്‍ ക്യാമ്പിനുള്ള ഇന്റര്‍നെറ്റ് സൗകര്യം ഉള്‍പ്പെടെ സോഷ്യല്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കണം.
ജില്ലയിലെ 45 വയസിനു മുകളില്‍ പ്രായമായ ഭിന്നശേഷി വിഭാഗക്കാരുടെ വാക്‌സിനേഷന്‍ ഈ മാസം 15 ന് നടക്കും. 18 മുതല്‍ 44 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സോഷ്യല്‍ ജസ്റ്റീസ് ഹെല്‍പ്പ് ഡസ്‌ക്, സഹജീവനം എന്നിവയുടെ സഹായത്തോടെ സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് ഉറപ്പാക്കണം.
ജില്ലയില്‍ ആദിവാസി വിഭാഗങ്ങളില്‍പെട്ട 45 വയസിന് മുകളിലുള്ള 886 പേര്‍ക്കാണ് വാക്‌സിന്‍ എടുക്കാനുള്ളത്. അവര്‍ക്ക് ബോധവത്കരണം നല്‍കി വാക്‌സിന് ക്യാമ്പ് ഒരുക്കും. ഏകദേശം 30000 കിടപ്പുരോഗികളാണ് ജില്ലയില്‍ ഉള്ളത്. ഇവര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. ഒരു പഞ്ചായത്തില്‍ രണ്ട് പാലിയേറ്റീവ് ടീം മുഖേന ഒരു ദിവസം 20 പേരെ വാക്‌സിനേഷന്‍ ചെയ്യും. ഇതിനായി ഓരോ പഞ്ചായത്തിലും രണ്ട് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവ ഒരുക്കണം. ജില്ലാ പഞ്ചായത്തിന്റെ പത്തുവാഹനങ്ങള്‍ കൂടി ഇതിനായി ലഭ്യമാകും.
ഡി.എം.ഒ(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആര്‍.സി.എച്ച്.ഒ: ഡോ.ആര്‍. സന്തോഷ് കുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നീമ, ട്രൈബല്‍ ഡെവലപ്മെന്റ് ജില്ലാ ഓഫീസര്‍ എസ്.എസ് സുധീര്‍, സോഷ്യല്‍ ജസ്റ്റിസ് ജില്ലാ ഓഫീസര്‍ ഏലിയാസ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വെച്ചൂച്ചിറ, പെരുനാട്, കാഞ്ഞീറ്റുകര, എഴുമറ്റൂര്‍ സിഎച്ച്‌സികളില്‍ ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കും

വെച്ചൂച്ചിറ, പെരുനാട്, കാഞ്ഞീറ്റുകര, എഴുമറ്റൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ (സിഎച്ച്‌സി) 10 കിടക്കകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡ് എംഎല്‍എ ഫണ്ട് പ്രയോജനപ്പെടുത്തി ഒരുക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയിലും ഇതേ സംവിധാനം ക്രമീകരിക്കും. താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഓട്ടോ ക്ലേവ് മാറ്റി സിഎസ്ഡി യാക്കും. സംസ്ഥാന ബജറ്റില്‍ അനുവദിച്ച വിഹിതം ഇതിനായി പ്രയോജനപ്പെടുത്തും. സംസ്ഥാനത്തെ 25 ആശുപത്രികളില്‍ പീഡിയാട്രിക് ഐസിയു തുടങ്ങാന്‍ പദ്ധതിയുണ്ട്. റാന്നി താലൂക്ക് ആശുപത്രിയിലെ സ്ഥലസൗകര്യം നോക്കി ഇത് ആരംഭിക്കാന്‍ ശ്രമിക്കും. നിയോജകമണ്ഡലത്തില്‍ കൂടുതലുള്ളത് റബ്ബര്‍ കൃഷിയാണ്. റബ്ബര്‍ വിലയിടിവും കോവിഡും ലോക്ക് ഡൗണും പ്രതികൂല കാലാവസ്ഥയും റബ്ബറിനെ സാരമായി ബാധിച്ചു.സബ്‌സിഡി പ്രഖ്യാപിക്കുന്ന തുക മണ്ഡലത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കും.
മഹാപ്രളയത്തില്‍ പമ്പാനദിയില്‍ അടിഞ്ഞ എക്കലും മണലും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ജലവിഭവമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന ബജറ്റില്‍ നദീസംരക്ഷണ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അനുവദിച്ച 50 കോടിയില്‍ ഒരു വിഹിതം പമ്പാ നദിക്കായി പ്രയോജനപ്പെടുത്തും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന പമ്പാനദി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനുവേണ്ട സഹായങ്ങള്‍ ജലവിഭവ വകുപ്പില്‍ നിന്നും ഉറപ്പാക്കും.
കുടുംബശ്രീ ഉപജീവന പാക്കേജില്‍ അനുവദിച്ച 100 കോടി രൂപ മണ്ഡലത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടും. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇത് ആശ്വാസമാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ റാന്നിക്ക് അനുവദിച്ച പദ്ധതികളെല്ലാം പുതിയ സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ സമയോചിതമായി നടപ്പാക്കും.