Trending Now

കരുതല്‍-ജനകീയ മഴക്കാലപൂര്‍വ്വ ശുചീകരണം നാളെ മുതല്‍(ജൂണ്‍ 4)

കരുതല്‍-ജനകീയ മഴക്കാലപൂര്‍വ്വ ശുചീകരണം നാളെ മുതല്‍(ജൂണ്‍ 4)

കോന്നി വാര്‍ത്ത ഡോട്ട് കോം : കരുതല്‍-മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമുള്ള ജനകീയ ശുചീകരണ ക്യാമ്പയിന് (ജൂണ്‍ 4 വെള്ളി) പത്തനംതിട്ട ജില്ലയിലും തുടക്കമാകും.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയും ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെയുമാണ് ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് ജില്ലയിലെ എല്ലാ തൊഴിലിടങ്ങളിലും ശനിയാഴ്ച്ച പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലുമാണ് ശുചീകരണം നടത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, മഴക്കാലരോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ശുചിത്വം ഉറപ്പാക്കി പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യങ്ങള്‍.

കര്‍ശനമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടുള്ളു. കോവിഡ് സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കി അഞ്ച് പേര്‍ അടങ്ങുന്ന ടീമുകളായിട്ടാകണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമലൂര്‍ ശങ്കരന്‍ പറഞ്ഞു.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹരിത കര്‍മ്മസേന ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ക്കു വേണ്ട ഗ്ലൗസ്, പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങള്‍ ഓരോ ടീമിനും ലഭ്യമാക്കണം. വെള്ളപൊക്ക സാധ്യത ജില്ലയില്‍ കൂടുതലായതിനാല്‍ എല്ലാവരും അത് മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വാര്‍ഡ് സാനിട്ടേഷന്‍ സമിതി അംഗങ്ങള്‍, സ്ഥാപന മേധാവികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, വീടുകള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
ശുചീകരണത്തിന്റെ ഭാഗമായി വീടും ചുറ്റുപാടും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും കൊതുക്, ഈച്ച, എലി എന്നിവ വളരുന്ന സാഹചര്യം ഒഴിവാക്കുന്ന തരത്തില്‍ മാലിന്യം നീക്കംചെയ്ത് ശുചിത്വം ഉറപ്പാക്കേണ്ടതാണ്. മാലിന്യം നീക്കം ചെയ്യുന്നത് പ്രധാന ഘടകമാണ്. അവരവരുടെ വീടും പരിസരവും മാലിന്യ മുക്തമാക്കുന്നതിനും പകര്‍ച്ചവ്യാധി സാധ്യത ഒഴിവാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ വീട്ടുകാരും സ്വയം ഏറ്റെടുക്കണം. കൊതുകിന്റെ ഉറവിടം നശിപ്പിച്ച് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള എന്നീ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം. എലിപ്പനി സാധ്യതയുള്ള പ്രദേശങ്ങളില്‍ ശുചീകരണത്തില്‍ ഏര്‍പ്പെടുന്നവര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണവും ആരോഗ്യ പ്രര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ഡോക്സിസൈക്ലിന്‍ സ്വീകരിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടതാണെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുക

കൊതുകുകള്‍ പെരുകുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. വീടിന്റെ പരിസരങ്ങളിലെ കുപ്പികള്‍, പാത്രങ്ങള്‍, ചിരട്ടകള്‍, ചെടിച്ചട്ടികള്‍, പാരപ്പറ്റുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ മുട്ടയിടുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കണം.
ഉപയോഗ്യശൂന്യമായ ടയറുകള്‍, ഫ്രിഡ്ജിന്റെ ട്രേ, ടെറസ്, മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കുന്ന പാത്രങ്ങള്‍, റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍, കാലിത്തൊഴുത്ത് എന്നിവയിലും വെള്ളം കെട്ടിനിന്ന് കൊതുക് വളരാതിരിക്കാന്‍ ശ്രദ്ധിക്കണം. തുടര്‍ന്നുള്ള ആഴ്ചകളിലും ഡ്രൈ ഡേ ആചരണം തുടരേണ്ടതാണ്.

ജില്ലാ ആസ്ഥാനത്ത് ശുചീകരണ യജ്ഞത്തിന് തുടക്കമായി

പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത്, ചെറുകിട ജലസേചന വകുപ്പ്, മറ്റ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാടുകള്‍ വെട്ടിത്തെളിക്കുകയും ഓടകള്‍ ശുചീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

വെള്ളിയാഴ്ച സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശുചീകരിക്കണം. അഞ്ചാം തീയതി ഓരോ വാര്‍ഡിലും നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് പേരില്‍ കൂടാത്ത ചെറുസംഘങ്ങളായി 20 പൊതു ഇടങ്ങള്‍ കണ്ടെത്തി ശുചീകരണ പ്രവര്‍ത്തനം നടത്തണം. ആറാം തീയതി നഗരവാസികളാകെ അവരുടെ വീടും പരിസരവും ശുചീകരിക്കണം. സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ കൊതുകും കൂത്താടിയും വളരുന്നതിനുളള സാഹചര്യങ്ങള്‍ ഒഴിവാക്കിയില്ല എങ്കില്‍ ബന്ധപ്പെട്ട ചുമതലക്കാര്‍ക്കെതിരെ നഗരസഭ നടപടികള്‍ ആരംഭിക്കും.

ജൂണ്‍ ഏഴാം തീയതി മുതല്‍ സ്ഥാപനങ്ങളില്‍ സപ്രൈസ് പരിശോധനകള്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തും. ഫൈന്‍ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികളാകും സ്വീകരിക്കുന്നത്. ശുചീകരണ യജ്ഞത്തിലും, ക്ലീനിംഗ് ചലഞ്ചിലും നഗരവാസികള്‍ എല്ലാവരും പങ്കെടുക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.