Trending Now

കോവിഡ്:പത്തനംതിട്ട ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ കൂടി കര്‍ശന നിയന്ത്രണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ജനസംഖ്യ അനുസൃതമായി കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റും(ടി.പി.ആര്‍) കൂടുതലുള്ള കോയിപ്രം, മല്ലപ്പുഴശേരി, ഏനാദിമംഗലം പഞ്ചായത്തുകളില്‍കൂടി ലോക്ക് ഡൗണ്‍ ഇളവില്ലാതെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്. പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും നേരത്തേ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ലാതെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് ജില്ലയില്‍ ടിപിആര്‍ കൂടുതലുള്ള മൂന്ന് പഞ്ചായത്തുകളില്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ഡിഡിപി എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് പ്രതിരോധം: മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കളക്ടര്‍

കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഓഫീസുകളും ബാങ്കുകളും ഇനി പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വായു സഞ്ചാരം ഉറപ്പുവരുത്തണം. നേരിട്ട് പങ്കെടുക്കേണ്ട യോഗങ്ങള്‍ ഒഴിവാക്കണം. കൂട്ടംകൂടിയുള്ള ചായ സല്‍ക്കാരം, ഉച്ചഭക്ഷണം എന്നിവ ഒഴിവാക്കണം. ട്രഷറി, ബാങ്കുകള്‍, റേഷന്‍ കടകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട ഓഫീസ് മേലധികാരി/ റേഷന്‍ കട ഉടമ ശ്രദ്ധിക്കണം. സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിന് ആളുകള്‍ നില്‍ക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി മാര്‍ക്ക് ചെയ്തിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

error: Content is protected !!