Trending Now

മലയാലപ്പുഴ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കും

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : : മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

97 ലക്ഷം രൂപ മുടക്കിയാണ് 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം പോലീസ് സ്റ്റേഷനു വേണ്ടി നിർമ്മിക്കുന്നത്.ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷൻ, കെട്ടിട നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകുന്നതോടെ അവിടേയ്ക്ക് മാറ്റി സ്ഥാപിക്കും.

പുതിയ കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറി, സബ് ഇൻസ്പെക്ടർമാരുടെ മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പു മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറികൾ, തൊണ്ടി സൂക്ഷിക്കുന്നതിനും, റെക്കോഡുകൾ സൂക്ഷിക്കുന്നതിനും,ആയുധം സൂക്ഷിക്കുന്നതിനുമുള്ള മുറികൾ, ഓഫീസ് മുറി, സെർവർ റൂം, ടോയ്ലറ്റുകൾ തുടങ്ങി എല്ലാ വിധ ആധുനിക സൗകര്യവുമുണ്ടാകും
.

കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ ആധുനിക സൗകര്യങ്ങളുള്ള ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിലൊന്നായി മലയാലപ്പുഴ സ്റ്റേഷൻ മാറും. നിരവധി തീർത്ഥാടകരടക്കം എത്തിച്ചേരുന്ന മലയാലപ്പുഴയിൽ ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കാൻ കഴിയുംവിധം പോലീസ് സ്റ്റേഷൻ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.പുതിയ കെട്ടിടത്തിന് സംരക്ഷണഭിത്തി നിർമ്മിക്കാനും എം.എൽ.എ പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി .

യോഗത്തിൽ ജില്ലാ പോലീസ് ചീഫ് ആർ. നിഷാന്തിനി, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ.സുൾഫിക്കർ ,
അസിസ്റ്റൻ്റ് കമാൻഡൻ്റ് പി.പി.സന്തോഷ് കുമാർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡൻ്റ് എസ്.ഷാജി , അസിസ്റ്റൻ്റ് എഞ്ചിനീയർ മെജോ ജോർജ്, മലയാലപ്പുഴ എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാർ, കോൺട്രാക്ടർ ഷിബു സാമുവൽ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!