കോവിഡായ അതിഥി തൊഴിലാളി നാട്ടിലേക്ക് പോകുന്നത് തടഞ്ഞു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡായ അതിഥി തൊഴിലാളി
നാട്ടിലേക്ക് പോകുന്നത് തടഞ്ഞു. കോവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവച്ച് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച വെസ്റ്റ് ബംഗാള്‍ സ്വദേശിയെ തടഞ്ഞു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 27ന് നടന്ന കോവിഡ് ടെസ്റ്റില്‍ ഇയാള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിവരം ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എസ് സതീഷ് ജില്ലാ ലേബര്‍ ഓഫീസിലെ കോള്‍ സെന്ററിന് കൈമാറി. ആരോഗ്യവകുപ്പ് ഇയാളെ പത്തനംതിട്ട സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുവാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അതിനിടെ ഇയാളുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസ് കോവിഡ് വാര്‍ റൂം ടീമംഗങ്ങളായ ടി. ആര്‍.ബിജുരാജ്, ടി.എസ് സതീഷ്, ടി.എ അഖില്‍കുമാര്‍, രഞ്ജിത്ത് ആര്‍ നായര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. എന്നാല്‍ ഇയാള്‍ നാട്ടിലേക്കു പുറപ്പെട്ടതായി അറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇയാളെ കണ്ടെത്തുകയായിരുന്നു.
അതീവ ജാഗ്രതയോടെ തിരികെയെത്തിച്ച് പത്തനംതിട്ട ജിയോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ജീവനക്കാരനായ ഇയാളോടൊപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്ന 25 അതിഥി തൊഴിലാളികളുടെ കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യവകുപ്പിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഈ വ്യക്തിയിലൂടെ റെയില്‍വേ ഉള്‍പ്പെടെ പല തലങ്ങളില്‍ ഉണ്ടാകുമായിരുന്ന രോഗവ്യാപനം തടയുവാന്‍ സമയോചിതമായ ഇടപെടലിലൂടെ സാധിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ പറഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: ഡിഎംഒ
കോവിഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. കോവിഡ് വാക്സിനേഷന്‍, ചികിത്സ, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, രോഗപ്രതിരോധം തുടങ്ങിയവയെപ്പറ്റി അശാസ്ത്രീയവും തെറ്റായതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്.
തെറ്റായ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ബോധപൂര്‍വമോ, അല്ലാതെയോ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് ഇടയാക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ഒത്തൊരുമിച്ച് കോവിഡ് മഹാമാരിക്കെതിരേ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഡിഎംഒ പറഞ്ഞു.
വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട നഗരസഭ
നഗരത്തെ സമയബന്ധിതമായി സമ്പൂര്‍ണ്ണ വാക്‌സിനേഷനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ ക്രമീകരിക്കാന്‍ പത്തനംതിട്ട നഗരസഭ നടപടികള്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്റെ നിര്‍ദ്ദേശാനുസരണം ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍ ഷീജ പങ്കെടുത്തു. ജില്ലാ ആസ്ഥാനത്ത് ജനറല്‍ ആശുപത്രി കൂടാതെ മറ്റു രണ്ടു വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. നഗരസഭയുടെ ആവശ്യപ്രകാരം വെട്ടിപ്പുറം ഗവ.എല്‍.പി സ്‌കൂളില്‍ ഒരു വാക്‌സിനേഷന്‍ കേന്ദ്രം കൂടി അനുവദിച്ചു. കുമ്പഴ മേഖലയിലുള്ള നഗരവാസികള്‍ക്ക് ഇലന്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍ പ്രദേശവാസികള്‍ക്ക് കുമ്പഴ അര്‍ബന്‍ പി.എച്ച്.സി യിലും വാക്‌സിനേഷനുവേണ്ടി പോകേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കിയിരുന്നു.
പ്രത്യേക ചേര്‍ന്ന യോഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരസഭയിലെ 1 മുതല്‍ 12 വരെയുളള വാര്‍ഡുകള്‍ വെട്ടിപ്പുറം എല്‍.പി സ്‌കൂളിലും, 13 മുതല്‍ 24 വരെ കുമ്പഴ എം.ഡി.എല്‍.പി സ്‌കൂളിലും, 25 മുതല്‍ 32 വരെയുള്ള വാര്‍ഡുകള്‍ക്ക് എസ്.ഡി.എ സ്‌കൂളിലുമാണ് വാക്‌സിനേഷന്‍. മുന്‍കൂട്ടി ഓരോ വാര്‍ഡില്‍നിന്നും നിശ്ചയിക്കുന്നവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കേന്ദ്രങ്ങലിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും സാനിട്ടേഷനായി സന്നദ്ധ പ്രവര്‍ത്തകരെ നഗരസഭ നിയമിച്ചിട്ടുണ്ട്. പരമാവധി 40 പേരില്‍ കൂടാതെ നാലു വാര്‍ഡുകള്‍ക്കുവച്ചാണ് ദിവസവും വാക്‌സിന്‍ നല്‍കുന്നത്.
കോവിഡ് പ്രതിരോധത്തില്‍ വഴിതെളിച്ച് അയിരൂര്‍ ഗ്രാമപഞ്ചായത്ത്
കോവിഡ് 19 ‘സീറോ കേസ്’ പഞ്ചായത്ത് എന്ന ലക്ഷ്യം മുന്നില്‍ കണ്ടുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അയിരൂര്‍ ഗ്രാമപഞ്ചായത്ത് നടത്തി വരുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ നേതൃത്വം വഹിക്കുന്ന ഭരണ സമിതി, കോര്‍ കമ്മിറ്റി, മെഡിക്കല്‍ ഓഫീസര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ്, പഞ്ചായത്ത് നോഡല്‍ ഓഫീസര്‍, ആരോഗ്യവകുപ്പിലെ ജീവനക്കാര്‍, പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സംവിധാനങ്ങള്‍, ഹോമിയോ രോഗപ്രതിരോധ സംവിധാനങ്ങള്‍, അയിരൂര്‍ പഞ്ചായത്തിലെ താമസക്കാരായ വിവിധ വകുപ്പിലെ സര്‍ക്കാര്‍ ജീവനക്കാര്‍, നാലു വാര്‍ഡുകള്‍ വീതം ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍, ആര്‍.ആര്‍.ടി അംഗങ്ങള്‍, ഹെല്‍പ്പ് ഡെസ്‌ക്ക്, വാര്‍ റൂം എന്നിവയെല്ലാം അടങ്ങുന്ന അതി ബൃഹത്തായ ഒരു പ്രതിരോധ സംവിധാനമാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
രോഗനിര്‍ണയ സംവിധാനം, വാക്‌സിനേഷന്‍
പഞ്ചായത്തിന്റെ പരിധിയില്‍ ലഭ്യമായ ഓഡിറ്റോറിയം കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും കോളനികള്‍, രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് രോഗനിര്‍ണയ ക്യാമ്പുകളും സംഘടിപ്പിച്ചു.
കോവിഡ് വാര്‍ റൂം
ഹെഡ് ക്ലാര്‍ക്കിനെ ടീം ലീഡറായി ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന ടീം രൂപീകരിച്ച് പ്രതിദിന അവലോകന യോഗം നടത്തുന്നു. ഹെല്‍പ് ഡെസ്‌ക്ക് നടത്തിപ്പ്, ഗതാഗതം, വാര്‍ഡ്തല സമിതി റിപ്പോര്‍ട്ടിംഗ് എകോപനം, ഡിസിസി, ബോധവല്‍ക്കരണം, ഭക്ഷണം, മരുന്ന് കൗണ്‍സിലിംഗ് എന്നീ ചുമതലകള്‍ വിഭജിച്ച് നല്‍കി വരുന്നു.
ഹെല്‍പ് ഡെസ്‌ക്ക്
യഥാസമയം ജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്ക് സംവിധാനം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെസ്റ്റിംഗ്, വാക്‌സിനേഷന്‍, ഹോം ഐസലേഷന്‍ എന്നിവയുടെ ഭാഗമായുള്ള സംശയനിവാരണം, മരുന്ന്, ഭക്ഷണം എന്നിവ ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ട സഹായം നല്‍കല്‍, കോവിഡുമായി ബന്ധപ്പെട്ട സ്ഥിതി വിവരങ്ങള്‍, വാഹനത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, വാര്‍ഡുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഹെല്‍പ് ഡെസ്‌കിലൂടെ ലഭ്യമാണ്. ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും അടങ്ങുന്ന ടീം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഹെല്‍പ് ഡെസ്‌കില്‍ പ്രവര്‍ത്തിക്കുന്നത്.
കോവിഡ് വാര്‍ റൂം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ്, നോഡല്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന കോര്‍ ടീം എല്ലാ ദിവസവും യോഗം ചേര്‍ന്ന് പ്രദേശത്തെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതടക്കമുളള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഹെല്‍പ് ഡെസ്‌ക്, പ്രതിദിന പോസിറ്റീവ് കേസുകളുടെ വിവരങ്ങള്‍, കൂടുതല്‍ കേസുകളുള്ള പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നു.
ജനകീയ ഭക്ഷണശാല, ഹോം ഡെലിവറി
അയിരൂര്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ സംവിധാനം ഉപയോഗിച്ചാണ് സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്. പ്രതിദിനം നൂറോളം പേര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്തുവരുന്നു. കലവറ നിറയ്ക്കല്‍ എന്ന പരിപാടിയിലൂടെ വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ സാധന സാമിഗ്രികള്‍ ഇവിടെ എത്തിച്ചു നല്‍കുന്നുണ്ട്.
ലോക്ക്ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് കാരണമാക്കുമെന്നതിനാല്‍ അവശ്യസാധനങ്ങളും മരുന്നും വീടുകളില്‍ എത്തിച്ചുനല്‍കുന്നതിനുളള ഹോം ഡെലിവെറി സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുളള സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയെ ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം മുതല്‍ പഞ്ചായത്ത് മുഴുവന് വീടുകളിലും ആയുഷ് പ്രതിരോധ മരുന്നകള്‍ എത്തിച്ച് നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെടുകയും ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്.
ഗതാഗത പ്ലാന്‍
കോവിഡ് ടെസ്റ്റിംഗിനും ആശുപത്രിയിലേക്കും ഡി.സി.സിയിലേക്കും ഷിഫ്റ്റിനും രോഗികള്‍ക്ക് ആശുപത്രിയില്‍ പോകുന്നതിനും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം ആവശ്യമുളളവര്‍ ഹെല്‍പ്പ് ഡെസ്‌കിലേക്ക് ബന്ധപ്പെടുന്നതിനനുസരിച്ച് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ആംബുലന്‍സുകള്‍ കൂടാതെ സന്നദ്ധരായ ടാക്‌സികള്‍കൂടി ഉള്‍പ്പെടുന്നതാണ് ഗതാഗത സൗകര്യം.
കണ്ടെയ്ന്‍മെന്റ് സോണുകളിലെ പ്രത്യേക ഇടപെടല്‍
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി എന്നിവരുടെ സഹായത്തോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിവരുന്നു. ജനങ്ങള്‍ പുറത്തിറങ്ങാതെ ഇരിക്കുന്നതിന് ആര്‍.ആര്‍.ടിയുടെ ചുമതലയില്‍ അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചുനല്‍കുന്നുണ്ട്. കോവിഡ് ബാധിതരായവര്‍ക്ക് മൂന്നുനേരം ഭക്ഷണം നല്‍കും. മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനു പ്രത്യേക സന്നദ്ധ പ്രവര്‍ത്തകരും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.
വാര്‍ഡ്തല മോണിറ്ററിംഗ് സംവിധാനം
അയിരൂര്‍ പഞ്ചായത്തിന്റെ പല വാര്‍ഡുകളും മലയോര മേഖലയായതിനാല്‍ വാര്‍ഡുകളുടെ വിസ്തൃതി കൂടുതല്‍ ആയതിനാലും വാര്‍ഡ്തലത്തിലുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിംഗ് സംവിധാനം കൊണ്ടുമാത്രം ഫലപ്രദമായ പ്രതിരോധം സാധ്യമല്ലാത്തതിനാല്‍ വാര്‍ഡുകളെ ക്ലസ്റ്ററുകളാക്കി തിരിച്ചു. 50 വീടുകള്‍ക്ക് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍.
ക്ലസ്റ്ററുകള്‍ക്ക് അഞ്ച് പേരടങ്ങുന്ന ടീം ചുമതലക്കാരും ഒരു കണ്‍വീനറും ഉണ്ട്. വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ വാര്‍ഡ്തലത്തിലുള്ള നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നു. കോളനികളില്‍ പ്രത്യേക ക്ലസ്റ്റര്‍ രൂപീകരിച്ചിട്ടുണ്ട്.
ഒരു വാര്‍ഡിന് വാര്‍ഡ് മെമ്പര്‍, വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകരായി വാര്‍ഡ് തലത്തിലുള്ള നോഡല്‍ ഓഫീസര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍ അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് പ്രതിദിന റിപ്പോര്‍ട്ടിംഗിന് വേണ്ടി പ്രൊഫോര്‍മ വഴി വിവര ശേഖരണം നടത്തുന്നുണ്ട്. ഓരോ വീടിനേയും സംബന്ധിച്ച വിശദാംശങ്ങള്‍ ക്ലസ്റ്റര്‍ ടീമിന്റെ കൈവശം ലഭിക്കും..
ഡൊമിസിലറി കെയര്‍ സെന്റര്‍
മൂക്കന്നൂര്‍ ജ്ഞാനാനന്ദ സ്‌കൂളാണ് നിലവില്‍ ഡി.സി.സി പ്രവര്‍ത്തിക്കുന്നത്. 25 കിടക്കകളുള്ള ഇവിടെ നിലവില്‍ മൂന്നു പേരേ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു സ്റ്റാഫ് നേഴ്‌സ്, ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അറ്റന്റര്‍ കം സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, രണ്ട് വോളന്റിയര്‍മാര്‍, വാഹന സൗകര്യം എന്നിവ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് സഹായവുമായി പോലീസ്
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനവും മറ്റും കാരണമായി കുട്ടികളില്‍ ഉണ്ടാകാവുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് അവരുടെ സഹായത്തിന് ജില്ലാ പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കും. കുട്ടികള്‍ക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ നേരിട്ടാല്‍ പരാതി അയക്കാനും തുടര്‍നടപടിക്ക് ഉതകുംവിധം ഓണ്‍ലൈന്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതു കൈകാര്യം ചെയ്യുന്നതിന് ജില്ലാ സി ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതികള്‍ ദിവസവും പരിശോധിച്ച് വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ള
എന്‍സിസി കേഡറ്റുകളെ സന്ദര്‍ശിച്ച് കമാന്‍ഡര്‍
പോലീസിനൊപ്പം കോവിഡ് പ്രതിരോധ ഡ്യൂട്ടി നിര്‍വഹിച്ചുവരുന്ന എന്‍സിസി കേഡറ്റുകള്‍ക്ക് ആവേശമേകി കമാന്‍ഡറുടെ സന്ദര്‍ശനം. എന്‍സിസി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ എന്‍.വി സുനില്‍കുമാറാണ് പത്തനംതിട്ട ജില്ലയില്‍ നിയോഗിക്കപ്പെട്ട കേഡറ്റുകളെ കാണാനെത്തിയത്.
14 കേരള ബറ്റാലിയന്‍ എന്‍സിസി യൂണിറ്റില്‍ നിന്നും കോവിഡ് പ്രതിരോധ ലോക്ക് ഡൗണ്‍ ഡ്യൂട്ടി ചെയ്തുവരികയാണിവര്‍. ഈ മാസം 13 മുതല്‍ പോലീസിനും വോളന്റിയര്‍മാര്‍ക്കുമൊപ്പം വാഹനപരിശോധന തുടങ്ങിയ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടുവരികയാണ് ഇവര്‍. ഡ്യൂട്ടി അനുഭവങ്ങള്‍ ചോദിച്ചു മനസലാക്കിയ കമാന്‍ഡര്‍ അവരെ അനുമോദിക്കാനും മറന്നില്ല.
കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് ദുരിതാശ്വാസം ‘കരുതല്‍ പദ്ധതിയുടെ’ മൂന്നാംഘട്ട ഭക്ഷ്യ കിറ്റ് വിതരണം നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചു രണ്ടാം വാര്‍ഡ് മെമ്പര്‍ പ്രവീണിനു കൈമാറി നിര്‍വഹിച്ചു. മൂന്നാം ഘട്ടത്തില്‍ 200 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ കിറ്റ് വിതരണം ചെയ്യുന്നത്.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ ആര്‍ആര്‍ടി, ആശാ, കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെയാണ് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ ‘കരുതല്‍ പദ്ധതി’ യുടെ കിറ്റുകള്‍ എത്തിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ടി എബ്രാഹാം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് പ്രതിരോധ നടപടികളുമായി ഏറത്ത് ഗ്രാമപഞ്ചായത്ത്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 17 വാര്‍ഡുകളിലും പ്രത്യേക ശ്രദ്ധനല്‍കി നടപ്പാക്കിവരികയാണ് ഏറത്ത് ഗ്രാമപഞ്ചായത്ത്. വാര്‍ഡ്തലത്തില്‍ ജാഗ്രതാ സമിതികളും ആര്‍.ആര്‍.ടിയും പ്രവര്‍ത്തിക്കുന്നു. വാര്‍ഡ് തലത്തില്‍ ഒരു വാര്‍ഡില്‍ 15 പേരെ സജ്ജമാക്കുകയും നിലവില്‍ അഞ്ചുപേര്‍ വീതം വിവിധ സേവനങ്ങള്‍ ഉറപ്പാക്കിവരുന്നു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്റ്റിയറിംഗ് കമ്മിറ്റി, സബ് കമ്മറ്റികള്‍ ഉള്‍പ്പെടെ നിരന്തരമായി കൂടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ആംബുലന്‍സ് നല്‍കിയിട്ടുണ്ട്. കൂടാതെ ഗ്രാമപഞ്ചായത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ മേഖലയില്‍ നിന്ന് നാലു വാഹനങ്ങളും അവശ്യക്കാര്‍ക്കായി ലഭ്യമാകും.
പഞ്ചായത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച് പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും 45 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായും സന്തോഷ് ചാത്തന്നുപുഴ പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഹോമിയോ, ആയൂര്‍വേദ മരുന്നുകള്‍ വിതരണം നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്തിലെ കോവിഡ് കെയര്‍ സെന്റര്‍ 80 കിടക്ക സൗകര്യങ്ങളോടെ ചൂരക്കോട് ചരിവിള ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഏറത്ത് ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഡുകളിലേക്ക് 85 ഓക്‌സിമീറ്റര്‍ ലഭിച്ചിട്ടുണ്ട്.
കോവിഡ് രോഗികള്‍ക്കും വീടുകളില്‍ ഭക്ഷണം ഉണ്ടാക്കികഴിക്കാന്‍ പ്രയാസം നേരിടുന്നവര്‍ക്കും കുടുംബശ്രീ ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണവിതരണം ഗ്രാമ പഞ്ചായത്തില്‍ നടക്കുന്നു വരുന്നു. മരുന്ന് വിതരണത്തിനുള്‍പ്പെടെ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പദ്ധതി ഇനത്തില്‍ ഗ്രാമപഞ്ചായത്ത് ഏഴ് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.