കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യല്‍ തുടരുന്നു. ടീം കമാന്‍ഡര്‍ സബ് ഇന്‍സ്പക്ടര്‍ കെ.കെ.അശോകന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ എത്തിയിട്ടുള്ളത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയതിനേ തുടര്‍ന്ന് മുന്‍ കരുതല്‍ എന്ന നിലയിലാണ് എന്‍ഡിആര്‍എഫ് സംഘം പത്തനംതിട്ട ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നത്.
ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബെറ്റാലിയന്‍ സബ് ഡിവിഷനായ തൃശൂര്‍ യൂണിറ്റില്‍ നിന്നുമാണ് ഇരുപതംഗ സംഘം എത്തിയത്. രണ്ട് ബോട്ട്, അസ്‌കാ ലൈറ്റ്, കയറുകള്‍, ചെയിന്‍ സോ ഉള്‍പ്പടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ഇവരുടെ പക്കലുണ്ട്. പത്തനംതിട്ട മണ്ണില്‍ റീജന്‍സിയിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് റാന്നി കുരുമ്പന്‍മൂഴി കോസ് വേ യില്‍ വെള്ളം പൊങ്ങിയതിനാല്‍ എന്‍ഡിആര്‍എഫ് സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.