Trending Now

പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു

കോവിഡ് പ്രതിരോധം: വിവിധ സേവനങ്ങള്‍ ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ക്രമീകരണങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്കായി ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത്. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കുമ്പളത്താമണ്‍ അയ്യപ്പ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഗ്രാമപഞ്ചായത്തിലെ ഇടക്കുളം, ലക്ഷംവീട് കോളനി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ രോഗവ്യാപനം തടയുന്നതിന് ഡൊമിസിലിയറി കെയര്‍ സെന്റര്‍ സഹായകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്, വാര്‍ റൂം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് ബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും ആംബുലന്‍സും പാര്‍ട്ടീഷന്‍ ചെയ്ത അഞ്ച് ഓട്ടോറിക്ഷയും സജ്ജമാക്കിയിട്ടുണ്ട്. നിര്‍ധനര്‍ക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം ലഭിക്കുക.
വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടലില്‍ നിന്ന് എല്ലാ വാര്‍ഡിലും അത്യാവശ്യക്കാര്‍ക്ക് സൗജന്യമായി വോളണ്ടിയര്‍മാര്‍ മുഖേന ഭക്ഷണം എത്തിച്ച് നല്‍കുന്നു. വീടുകളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും കോവിഡ് ബാധിതരായ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്കും ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം വോളണ്ടിയര്‍മാര്‍ മുഖേന എത്തിച്ചു നല്‍കുന്നു. ഏറ്റവും അര്‍ഹതപ്പെട്ടവരെ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തിയാണ് വോളണ്ടിയര്‍മാര്‍ മുഖേന ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണം എത്തിച്ച് നല്‍കുന്നത്.
മരുന്ന്, അവശ്യ സാധനങ്ങള്‍, ഭക്ഷണം തുടങ്ങിയവ എത്തിക്കാനും വോളണ്ടിയര്‍മാരുടെ സേവനം ഉപയോഗിക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വെളിയില്‍ നിന്നും മരുന്ന് അത്യാവശ്യം വേണ്ടവര്‍ക്ക് ആവശ്യാനുസരണം എത്തിക്കുന്നതിനും വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്കില്‍ വിളിച്ച് ആവശ്യം അറിയിക്കുന്നവര്‍ക്കും വേണ്ട അവശ്യസേവനങ്ങള്‍ വോളണ്ടിയര്‍മാര്‍ മുഖേന ഉറപ്പാക്കിവരുന്നു. ഗ്രാമപഞ്ചായത്തിലെ ആയൂര്‍വേദ ആശുപത്രിയില്‍ നിന്നും അത്യാവശ്യക്കാര്‍ക്ക്
മരുന്ന് വോളണ്ടിയര്‍മാര്‍ മുഖേന എത്തിക്കുന്നുണ്ട്. ഒരു വാര്‍ഡില്‍ രണ്ട് പേരെന്ന കണക്കില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സേവനത്തിനായി വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ആയൂര്‍വേദ, ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തുവരുന്നു. കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മൈക്ക് അനൗണ്‍സ്‌മെന്റും ഗ്രാമ പഞ്ചായത്ത് നടത്തിവരുന്നു.
ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്തല സമിതികള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകള്‍ കയറി വിവരശേഖരണം നടത്തിവരുന്നു. ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണം ഉണ്ടോ, ഭക്ഷണം, മരുന്നുകള്‍ എന്നിവ ആവശ്യമുള്ളവര്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് അത്യാവശ്യ സേവനം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വോളണ്ടിയര്‍മാര്‍ മുഖേന എത്തിച്ച് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്തല സമിതികള്‍ ആഴ്ചതോറും കൂടി സാഹചര്യം വിലയിരുത്തി അവശ്യം വേണ്ട നടപടികള്‍ കൈക്കൊണ്ടുവരുന്നു.

കോവിഡ് പ്രതിരോധം: വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ ആരംഭിച്ച ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിജി സജി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. പി ജോസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് ജി നടുവിലേത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന രാജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. വി സുധാകരന്‍, ജയശ്രീ , ജി. ലക്ഷ്മി. എന്‍. എ പ്രസന്ന കുമാരി, എം. ആതിര, പി.ജെ അജയകുമാര്‍, ജി.ജോണ്‍, പി.എസ് കൃഷ്ണകുമാര്‍, രാജു നെടുവംപുറം, സംഗേഷ് ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കോവിഡിനെ സമൂഹത്തില്‍ നിന്ന് തുരത്താന്‍ വാക്സിനേഷന്‍

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയും പത്തനംതിട്ട ജില്ലയിലെ വനിത ശിശു വികസന വകുപ്പുമായി ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്.
കോവിഡിനെ സമൂഹത്തില്‍ നിന്ന് തുരത്താന്‍ വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പ്പ് യഞ്ജം നടത്തിവരുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ വി.ആര്‍. ഷൈല ബായി പറഞ്ഞു. 18നും 44നും മധ്യേ പ്രായമുള്ളവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പിന് സ്പോട്ട് രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാന്‍ മറക്കരുതെന്നും അവര്‍ പറഞ്ഞു.
പറക്കോട് ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള 100 അമ്മമാര്‍ വെബിനാറില്‍ പങ്കെടുത്തു. പറക്കോട് സിഡിപിഒ എസ്. റാണി, കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ അസി. ഡയറക്ടര്‍ സുധാ എസ്. നമ്പൂതിരി, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്‍ഡ് ടി. സരിന്‍ ലാല്‍ തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുത്തു.

 

കവിയൂരില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കവിയൂര്‍ ഗ്രാമപഞ്ചായത്ത് കോവിഡ് 19 ഗൃഹവാസ പരിചരണ കേന്ദ്രം(ഡൊമിസിലിയറി കെയര്‍ സെന്റര്‍-ഡിസിസി)ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാറിന്റെ അധ്യക്ഷത വഹിച്ചു. കവിയൂര്‍ മാര്‍ത്തോമാ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ഗൃഹവാസ പരിചരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കേന്ദ്രത്തില്‍ 50 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവില്‍ ഒരു നേഴ്‌സ്, നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ നാല് വിദ്യാര്‍ത്ഥിനികള്‍, ആറു ക്ലീനിങ് തൊഴിലാളികള്‍, ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ചുവാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ബജറ്റ് ഹോട്ടലില്‍ നിന്ന് ആഹാരം നല്‍കുന്നുണ്ട്്. കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ സാമൂഹിക അടുക്കള തുടങ്ങും

പ്രമാടം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൊമിസിലറി കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രവർത്തനം തുടങ്ങിയത്.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു
പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനിത്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അമൃത സജയൻ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിജി സജി, ജന പ്രതിനിധികൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് പ്രതിരോധം: പ്രമാടം പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത് അധ്യക്ഷത വഹിച്ചു.
വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായി യോഗം വിലയിരുത്തി. വാര്‍ഡ് തലത്തില്‍ നടത്തുന്ന കര്‍ശന ഇടപെടലിലൂടെ രോഗവ്യാപനം തടയാന്‍ സാധിക്കുന്നതായി യോഗം വിലയിരുത്തി. ഇതിനാല്‍ വാര്‍ഡ് തലത്തില്‍ നടത്തുന്ന ഇടപെടല്‍ തുടരാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, കൂടുതല്‍ കാര്യക്ഷമമാക്കി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും ചെയ്തു. പഞ്ചായത്ത് തലത്തില്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും കാര്യക്ഷമമായി നടക്കുന്നുണ്ട്. ചുമതലക്കാര്‍ മികച്ച ഇടപെടല്‍ നടത്തുന്നുണ്ട്. എല്ലാ വാര്‍ഡുകളിലും സന്നദ്ധ സേന പ്രവര്‍ത്തകരെ സംഘടിപ്പിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളും സജീവമാണ്.
പ്രതിരോധ വാക്‌സിന്‍ വിതരണം ചിട്ടയോടും, തിരക്ക് ഒഴിവാക്കിയുമാണ് നടക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്.
ഹോമിയോ, ആയുര്‍വേദ വകുപ്പുകളുടെ പ്രതിരോധ പ്രവര്‍ത്തനവും നടക്കുന്നുണ്ട്.
മരുന്നും, ഭക്ഷണവും എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്യുന്നുണ്ട്. ഇതിനായി പ്രവര്‍ത്തനം നടത്തുന്ന വോളന്റിയര്‍മാരുടെ സേവനം എടുത്തു പറയേണ്ടതാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. രോഗബാധിതര്‍ക്കൊപ്പം തന്നെ നെഗറ്റീവ് ആകുന്നവരുടെ എണ്ണവും അനുപാതികമാണ്. കൂടുതല്‍ ഇടപെടലിലൂടെ രോഗബാധിതരുടെ എണ്ണം കുറച്ചു കൊണ്ട് വരാന്‍ കഴിയുമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി ജനങ്ങള്‍ക്ക് യഥാസമയം പഞ്ചായത്ത് അറിയിപ്പ് നല്കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. പോലീസ് ഇടപെടല്‍ കര്‍ശനമായി നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിഎഫ്എല്‍റ്റിസി ആരംഭിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. ഡോമിസിലിയര്‍ കെയര്‍ സെന്ററും അനുബന്ധമായി സജ്ജീകരിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്.
ഡ്രൈവറെ നിയമിച്ച് എംഎല്‍എ ഫണ്ടില്‍ നിന്നും ലഭിച്ച ആംബുലന്‍സ് ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ സ്വകാര്യ വാഹനങ്ങളും ആശുപത്രി ഉപയോഗത്തിനായി ക്രമീകരിച്ചിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജനകീയ ഹോട്ടല്‍, സാമൂഹിക അടുക്കള എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നോഡല്‍ ഓഫീസറായി നടത്തുന്ന കോവിഡ് വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് കോര്‍ ടീം ഏകോപിപ്പിക്കുന്നുണ്ട്. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെയും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ നിയോഗിക്കും. നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ ജാഗ്രത അതേ നിലയില്‍ തുടരണമെന്ന് എംഎല്‍എ പറഞ്ഞു. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും സമയബന്ധിതമായി തന്നെ ഇടപെടണം. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് – ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.