Trending Now

അരുവാപ്പുലം ആവണിപ്പാറ കോളനിയിൽ മെയ് 18 ന് കോവിഡ് വാക്സിൻ നല്‍കും

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം ചേർന്നു. അരുവാപ്പുലം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്പ്രസിഡന്‍റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനുള്ള പദ്ധതികൾക്ക് യോഗം രൂപം നല്‍കി .

എല്ലാ വാർഡുകളിലും സന്നദ്ധ സേന പ്രവർത്തകരെ സംഘടിപ്പിച്ചു പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.എല്ലാ വാർഡുകളിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായി യോഗം വിലയിരുത്തി.
ഹോമിയോ ആയുർവേദ മരുന്നുകൾ എല്ലാ വാർഡുകളിലും വിതരണം ചെയ്യുന്നുണ്ട് .

വാർഡ്തല സമിതിയുടെ ആഭിമുഖ്യത്തിൽ രോഗികൾക്കും രോഗബാധിതരുടെ കുടുംബാംഗങ്ങൾക്കും ഭക്ഷണം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
വാക്സിനേഷൻ നൽകുന്നത് കൃത്യമായി നടക്കുന്നുണ്ട്. അഞ്ച് വാർഡുകൾ കേന്ദ്രമാക്കി വാക്‌സിനേഷൻ ക്യാമ്പുകൾ ചിട്ടയായി നടത്തിവരികയാണ്.
ആവണിപ്പാറ ആദിവാസി കോളനിയിൽ മെയ് 18 ന് വാക്‌സിൻ നൽകും.
എല്ലാ വാർഡുകളിലും ബോധവൽക്കരണത്തിനായി മൈക്ക് അനൗൺസ് മെൻ്റു നടത്താനും,
പോലീസ് ഇടപെടൽ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.വാർഡ് സമിതികൾ ആർ.ആർ.റ്റികളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കും.
കോന്നി മെഡിക്കൽ കോളേജിൽ സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആരംഭിക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്.ഡോമിസിലറി കെയർ സെന്ററായി കല്ലേലി സംയോജിത ആരോഗ്യ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്.ജനകീയ ഹോട്ടൽ, സാമൂഹിക അടുക്കള എന്നിവയും ആരംഭിച്ചിട്ടുണ്ട്.ഹെൽത്ത് ഇൻസ്പെക്ടർ നോഡൽ ഓഫീസറായി പഞ്ചായത്തുതല കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് കോർ ടീം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് .സർക്കാർ ജീവനക്കാരെയും കോവിഡ് പ്രവർത്തനങ്ങൾക്ക് ക്രമീകരിക്കും.
രോഗികൾക്ക് ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്.ഓട്ടോകളും ടാക്സിയും രോഗികളുടെ സേവനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്.എല്ലാ പഞ്ചായത്തിലും അവലോകന യോഗങ്ങൾ നടത്തുമെന്ന് ജനീഷ് കുമാർ പറഞ്ഞു. വാർഡുതല ഇടപെടലിലൂടെ മാത്രമേ കൂടുതൽ ഫലപ്രദമായി കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കുകയുള്ളുവെന്ന് ജനീഷ് കുമാർ പറഞ്ഞു.
യോഗത്തിൽ കോന്നി തഹസീൽദാർ നസിയ, ജനപ്രതിനിധികൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ,മെഡിക്കൽ ഓഫീസർ, സെക്ടറൽ മജിസ്‌ട്രേറ്റ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!