Trending Now

പത്തനംതിട്ട ജില്ലയിലെ നദികളിലും ഡാമുകളിലും നിലവില്‍ അപകട സാധ്യതയില്ല

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ 23 വീടുകള്‍ പൂര്‍ണ്ണമായും
121 വീടുകള്‍ ഭാഗികമായും തകര്‍ന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലായി ഉണ്ടായ വേനല്‍ മഴയിലും കാറ്റിലുമായി പത്തനംതിട്ട ജില്ലയില്‍ 23 വീടുകള്‍ പൂര്‍ണ്ണമായും 121 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ജില്ലയില്‍ മാര്‍ച്ച് മാസത്തിലുണ്ടായ വേനല്‍ മഴയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ഏപ്രില്‍ മാസത്തില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും 62 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

മേയ് മാസം 12 വരെ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്ക്.

ഈ മാസം 527.28 ലക്ഷം രൂപയുടെ കൃഷിനാശം

മേയ് ഒന്നു മുതല്‍ 13 വരെയുള്ള തീയതികളില്‍ ഉണ്ടായ മഴയിലും കാറ്റിലും പത്തനംതിട്ട ജില്ലയില്‍ 527.28 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്. ഈ കാലയളവില്‍ ജില്ലയില്‍ 248.8 ഹെക്ടര്‍ പ്രദേശത്തെ 1,532 കര്‍ഷകര്‍ക്കാണ് തങ്ങളുടെ കൃഷി വിളകള്‍ മഴക്കെടുതിയില്‍ നശിച്ചത്.
16.11 ഹെക്ടര്‍ സ്ഥലത്തെ 534 കര്‍ഷകരുടെ 21,500 കുലച്ച വാഴകളും 10.89 ഹെക്ടര്‍ സ്ഥലത്തെ 337 കര്‍ഷകരുടെ 10,913 കുലക്കാത്ത വാഴകളും ഇക്കാലയളവിലെ മഴയില്‍ നശിച്ചു. കുലച്ച വാഴ ഇനത്തില്‍ 129 ലക്ഷം രൂപയുടെയും കുലക്കാത്ത വാഴ ഇനത്തില്‍ 43.65 ലക്ഷം രൂപയുടെയും കൃഷിനാശമുണ്ടായി എന്നാണ് കൃഷി വകുപ്പ് കണക്കാക്കിയിരിക്കുന്നത്.
നെല്ല്, പച്ചക്കറി, റബ്ബര്‍, തെങ്ങ്, വാഴ മരച്ചീനി, വെറ്റിലകൊടി, കാപ്പി, ജാതി തുടങ്ങിയവിളകള്‍ക്കാണ് പ്രധാനമായും നാശം ഉണ്ടായിരിക്കുന്നത്.

റെഡ് അലര്‍ട്ട്: ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ചേര്‍ന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ നദികളിലും ഡാമുകളിലും നിലവില്‍ അപകട സാധ്യതയില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികമായി മഴ ലഭ്യമായാല്‍ വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വകുപ്പുകളും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നദികളില്‍ വെള്ളം ഉയര്‍ന്നതായി കാണുന്നുണ്ടെങ്കിലും ഡാമുകളിലെ വെള്ളത്തിന്റെ അളവ് അധികമായി വര്‍ധിച്ചിട്ടില്ല. വ്യാഴാഴ്ച പെയ്ത മഴയുടെ അതേ അളവില്‍ വെള്ളിയാഴ്ചയും മഴ തുടര്‍ന്നാല്‍ മൂഴിയാര്‍ ഡാം തുറക്കേണ്ട സ്ഥിതി ഉണ്ടാകും. ഇത് വെള്ളപൊക്കം തടയുന്നതിനായാണ് തുറക്കുക. പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളു.

നിലവില്‍ ജില്ലയില്‍ എവിടെയും വെള്ളപ്പൊക്കമോ മറ്റ് പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെഎസ്ഇബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ എല്ലാ പ്രശ്‌നങ്ങളും കെഎസ്ഇബി പരിഹരിച്ചതായി യോഗത്തില്‍ അറിയിച്ചു. കോവിഡ് ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാണോ എന്ന് ഉറപ്പ് വരുത്തണം.

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നാല്‍ കോവിഡ് രോഗികളെ ഉള്‍പ്പെടെ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജീകരണങ്ങള്‍ ഒരുക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള പഞ്ചായത്തുകള്‍ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനമായി.

വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ ഓക്‌സിജന്‍ സിലിണ്ടറുകളും കോവിഡ് ചികിത്സയ്ക്കായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഉടന്‍ സമര്‍പ്പിക്കാന്‍ ഡിഡിഎംഎ യോഗം ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡിഎഫ്ഒ കെ.ഹരികുമാര്‍, ഡിഡിപി, ജോയിന്റ് ആര്‍ടിഒ, തഹസീല്‍ദാര്‍മാര്‍, ഫയര്‍ഫോഴ്‌സ്, ഡാം സേഫ്റ്റി, കെ എസ് ഇ ബി തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!