കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കോവിഡ് ചികിത്സ ആശുപത്രികളിലേക്കുള്ള ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുകയാണ് ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ആരംഭിച്ച ഓക്‌സിജന്‍ വാര്‍ റൂം. ആരോഗ്യം, റവന്യൂ, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍, വ്യവസായ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. എഡിഎം ഇ. മുഹമ്മദ് സഫീറാണ് വാര്‍ റൂമിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍.
വാര്‍ റൂമിന്റെ പ്രവര്‍ത്തനം എങ്ങനെ?
ആശുപത്രികളില്‍ ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, ലഭ്യത കുറവുള്ള ആശുപത്രികളില്‍ ആവശ്യമായ അളവില്‍ കൃത്യസമയത്ത് സുരക്ഷിതമായി ഓക്സിജന്‍ എത്തിക്കുക എന്നതാണ് വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്കാണ് ഓക്‌സിജന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നത്. ജില്ലയിലെ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്കും, കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കും ആവശ്യം അനുസരിച്ചാണ് വാര്‍ റൂമില്‍ നിന്നും ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. കോവിഡ് ബാധിതരുടെ എണ്ണം മാറുന്നതനുസരിച്ച് ആശുപത്രികളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സിലണ്ടറുകളുടെ എണ്ണവും ദിനം പ്രതി മാറുന്നുണ്ട്.
എറണാകുളം, കുന്നന്താനം, മാവേലിക്കര, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുമാണ് ഏജസികള്‍ മുഖേന ജില്ലയ്ക്കാവശ്യമായ ഓക്‌സിജന്‍ എത്തിക്കുന്നത്.
വാര്‍ റൂമിലേക്ക് വിളിക്കാം… 1077, 85477 15558
ജില്ലയിലെ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഓക്‌സിജന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് വാര്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 1077 (ടോള്‍ ഫ്രീ), 85477 15558.