കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി കരുമ്പന്‍ മൂഴി പനം കുടന്തയില്‍ പുലിയെ പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് വച്ചു. രണ്ടു ദിവസം മുമ്പ് നാട്ടുകാര്‍ പുലിയെ കണ്ടതായി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ കാമറ സ്ഥാപിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.
പ്രമോദ് നാരായണന്‍ എംഎല്‍എ സ്ഥലത്തെത്തി ജനങ്ങളുടെ ഭീതി നേരിട്ട് മനസിലാക്കുകയും പുലിയെ പിടിക്കാന്‍ അടിയന്തരമായി കൂട് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
സാധാരണ ഗതിയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കാണാതെ കൂട് വയ്ക്കാറില്ല. ജനവാസ മേഖലയില്‍ ജനങ്ങളുടെ ജീവന്‍ പരീക്ഷണത്തിന് വിടാതെ എങ്ങനെയും പുലിയെ പിടിക്കാന്‍ കൂട് വയ്ക്കണമെന്ന് എംഎല്‍എ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.