കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ അഗ്‌നിരക്ഷാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ആസ്ഥാന നിലയം കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിനാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. ഇതിനു പുറമെ ജില്ലയില്‍ ആറ് ഫയര്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ അറിയിച്ചു.
അണുനശീകരണം, കോവിഡ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് അഗ്‌നി/ജീവന്‍ രക്ഷാ വീക്ഷണത്തില്‍ ഓഡിറ്റ് നടത്തി വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കല്‍, ആരോഗ്യം/പോലീസ് വകുപ്പുകളുമായി ചേര്‍ന്നു പൊതുജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യ സഹായം, ആംബുലന്‍സ് സേവനം (കോവിഡ് ഇതര അടിയന്തര ആവശ്യങ്ങള്‍ക്ക്) എന്നിവ ഉറപ്പാക്കുക, ജീവന്‍ രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കുക തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് ദൈനംദിന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഫയര്‍ ഫോഴ്‌സ് ചെയ്തു വരുന്നത്.
കോവിഡുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സിന്റെ സേവനവും ജില്ലയില്‍ ആരോഗ്യം, പോലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഉപയോഗിക്കുന്നുണ്ട്. ജില്ലയില്‍ പരിശീലനം ലഭിച്ച 300 സന്നദ്ധ പ്രവര്‍ത്തകരാണ് ഫയര്‍ ഫോഴ്‌സിന്റെ കീഴില്‍ സേവന സന്നദ്ധരായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. പോലീസ് വകുപ്പിനോടൊപ്പം ചേര്‍ന്ന് പിക്കറ്റ് പോയിന്റുകളിലും പട്രോളിംഗ് ഡ്യൂട്ടികളിലും കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളിലും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനുപുറമെ അണുനശീകരണം, മരുന്നുകളുടെ വിതരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, അവശരായ ആളുകളെ ആശുപത്രിയില്‍ എത്തിക്കല്‍, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പോലീസ്, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സംഭാരം, ഫ്രഷ് ജ്യൂസ് ഉള്‍പ്പെടെ ശീതളപാനീയ വിതരണം എന്നിവയും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ചെയ്തു വരുന്നുണ്ട്. ഡിവിഷണല്‍ വാര്‍ഡന്‍ ഫിലിപ്പോസ് മത്തായിക്കാണ് ജില്ലയില്‍ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍:
ജില്ലാ ഫയര്‍ ഓഫീസര്‍ – 9497920112. ജില്ലാ തല കണ്‍ട്രോള്‍ റൂം 0468 2271101. പത്തനംതിട്ട 0468 2222001, 9497920090. തിരുവല്ല 0469 2600101, 9497920093. അടൂര്‍ – 0473 4229100, 9497920091. കോന്നി 0468 2245300, 9497920088. റാന്നി 0473 5224101, 9497920095. സീതത്തോട് 0473 5258101, 9497920286.