Trending Now

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വര്‍ധിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും

പത്തനംതിട്ട ജില്ലയിലെ വിവിധ കോളനികളില്‍ കോവിഡ് രോഗവ്യാപനം. പത്തനംതിട്ട ജില്ലയില്‍ കോവിഡ് വര്‍ധിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും

konnivartha.com : പത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തിലെ ആദ്യ ആഴ്ചയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍(ടിപിആര്‍) വര്‍ധനയുണ്ടായ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കൂടുന്ന ഗ്രാമപഞ്ചായത്തുകളില്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ (ഡിസിസി) ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. ഇവിടേക്ക് മാറ്റുന്ന രോഗികളുടെ വൈദ്യേതര ആവശ്യങ്ങള്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും രോഗിയെ ചികിത്സയ്ക്ക് എത്തിക്കുന്നതിനായി വാടകയ്ക്ക് ആംബുലന്‍സ് അല്ലെങ്കില്‍ മറ്റ് വാഹനങ്ങള്‍ ക്രമീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയിലെ വിവിധ കോളനികളില്‍ രോഗവ്യാപനം കണ്ടുവരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഇവിടെ കോവിഡ് പരിശോധന വര്‍ധിപ്പിക്കും. ഈ സാഹചര്യത്തില്‍ കോളനികളെ ഡൊമിസിലിയറി കെയര്‍ സെന്ററുകളായി മാറ്റേണ്ടതായി വന്നേക്കാം. ഇത്തരത്തില്‍ ക്രമീകരിക്കുമ്പോള്‍ രോഗികളുടെ വൈദ്യേതര അവശ്യങ്ങള്‍ അതത് ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണം. ഓള്‍ഡ് ഏജ് ഹോമുകളിലും കെയര്‍ ഹോമുകളിലും രോഗികള്‍ വര്‍ധിക്കുന്നതിനാല്‍ ഇവിടെയും കോവിഡ് പരിശോധന ഊര്‍ജിതമാക്കും. ജില്ലാ അതിര്‍ത്തികളിലുള്ള പ്രദേശങ്ങളിലും രോഗവ്യാപനം വര്‍ധിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ പോലീസിന്റെയും വാര്‍ഡ്തല സമിതികളുടെയും പ്രത്യേക ശ്രദ്ധ ഇവിടെയുണ്ടാകും.

തഹസീല്‍ദാര്‍മാര്‍ അതത് താലൂക്കുകള്‍ക്ക് കീഴിലുള്ള ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കൂടിയ പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി യോഗം ചേര്‍ന്ന് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യം മനസിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജില്ലയില്‍ 39 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ജനകീയ ഹോട്ടലില്‍ നിന്നും ലഭ്യമാക്കും. വാര്‍ഡ്തല സമിതികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, തഹസീല്‍ദാര്‍മാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ഡിഡിപി എസ്.ശ്രീകുമാര്‍, ആര്‍ടിഒ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!