Trending Now

ആകാംക്ഷക്ക് വിരാമം ; എട്ട് മണി മുതൽ ലീഡറിയാം

ആകാംക്ഷക്ക് വിരാമം ; എട്ട് മണി മുതൽ ലീഡറിയാം

 

ഒരുമാസത്തോളംനീണ്ട കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തപാല്‍വോട്ടുകള്‍ കൂടുതലാണ് എന്നതിനാല്‍ ഇവ എണ്ണിത്തീരുംമുന്‍പ് 8.15 ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ https:results.eci.gov.in എന്ന വെബ്‌സൈറ്റിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാവുക. കോവിഡ് മാനദണ്ഡങ്ങള്‍പാലിക്കാനായി ടേബിളുകളുടെ എണ്ണം കൂട്ടിയതും തപാല്‍വോട്ടുകളുടെ എണ്ണക്കൂടുതലും കാരണം അവസാനഫലം പതിവിലും വൈകും.

ഒരു റൗണ്ടില്‍ 28 ടേബിളുകള്‍

28 ടേബിള്‍ വീതമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിനായി ഓരോ മണ്ഡലങ്ങളിലും ക്രമീകരിച്ചിരിക്കുന്നത്. 28 ടേബിളുകളിലെയും വോട്ടെണ്ണുന്നതോടെ ഒരു റൗണ്ട് പൂര്‍ത്തിയാവും. ഓരോ റൗണ്ടും പൂര്‍ത്തിയാവുമ്പോള്‍ ഫലം പുറത്തുവിടും. മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. തപാല്‍ ബാലറ്റുകളും എണ്ണിക്കഴിയുമ്പോള്‍ വരണാധികാരി വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും.

തിരുവല്ല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കുറ്റപ്പുഴ മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, റാന്നി നിയോജക മണ്ഡലത്തിലെ റാന്നി സെന്റ് തോമസ് കോളേജ്, ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂള്‍, കോന്നി നിയോജക മണ്ഡലത്തിലെ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജ്, അടൂര്‍ നിയോജക മണ്ഡലത്തിലെ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂള്‍ എന്നിവ ഇന്ന് (മേയ് 2 ഞായര്‍ ) പുലര്‍ച്ചെ അഞ്ചു മുതല്‍ സജീവമായി .
രാവിലെ അഞ്ചിനാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട തരംതിരിക്കല്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും ഇതിന് മുന്നേ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി .
അഞ്ച് നിയസഭാ മണ്ഡലങ്ങളിലെയും പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. പോസ്റ്റല്‍ ബാലറ്റുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്ന ശേഷമേ ഇ.വി.എമ്മുകളുടെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നടത്താവൂ എന്ന മുന്‍ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്.
കൗണ്ടിംഗ് ഹാളിന്റെ മെയിന്‍ ഗേറ്റില്‍ നിന്നും ഇരു വശത്തേക്കും 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെടസ്ട്രിയന്‍ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹനങ്ങള്‍ ഒന്നും കടത്തി വിടില്ല. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍ എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളില്‍ ഉണ്ടാകുക. കൂടാതെ ഒരോ സ്ഥാനാര്‍ത്ഥിക്കും ഒരു ഏജന്റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളില്‍ ഉണ്ടാകും.
കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍/ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്കോ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കൂ. പൊതു ജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ല

 

തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍
വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്

പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ results.eci.gov.in എന്ന വെബ് സൈറ്റിലും  ഫലങ്ങള്‍ ലഭ്യമാകും.   മേയ് രണ്ടിന് രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭ്യമായി തുടങ്ങും. സംസ്ഥാനങ്ങളെ വേര്‍തിരിച്ചും സ്ഥാനാര്‍ഥിയെക്കുറിച്ചും പ്രത്യേകമായി അറിയാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്.
പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും എന്‍.ഐ.സിയുടെ നേതൃത്വത്തില്‍ മീഡിയാ സെന്റര്‍ സ്ഥാപിക്കും. കളക്ടറേറ്റിലും ജില്ലാതല മീഡിയ സെന്റര്‍ ഒരുക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ് പറഞ്ഞു.
വോട്ടര്‍മാരെ പ്രചോദിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും  തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരിടത്തു നിന്നു നല്‍കുക എന്ന ലക്ഷ്യവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഈ ആപ്പ് നിര്‍മ്മിച്ചത്. അതിന്റെ ഭാഗമായി ഇത്തവണ തെരഞ്ഞെടുപ്പ് ഫലവും ഈ ആപ്പിലൂടെ അറിയാം.