Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളില്‍

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളില്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ പൂര്‍ത്തിയായി. മേയ് രണ്ടിന് രാവിലെ എട്ട് മുതല്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളിലായി നടക്കും. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍ എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളില്‍ ഉണ്ടാകുക. കൂടാതെ ഒരോ സ്ഥാനാര്‍ത്ഥിക്കും ഒരു ഏജന്റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളില്‍ ഉണ്ടാകും.

കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍/ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്കോ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കൂ. പൊതു ജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ല. കൗണ്ടിംഗ് ഏജന്റുമാര്‍ക്കായുള്ള ആന്റിജന്‍ ടെസ്റ്റ് സൗകര്യം ജില്ലാ ഭരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്.
ജില്ലയില്‍ മുഴുവന്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കോവിഡ് മാനദണ്ഡപ്രകാരം നിശ്ചിത അകലം പാലിച്ചാണ് വോട്ടെണ്ണല്‍ ടേബിളുകള്‍ സജ്ജീകരിക്കുന്നത്.
പോസ്റ്റല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുക. നിയമസഭാ മണ്ഡലങ്ങളില്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും വോട്ടെണ്ണല്‍. പോസ്റ്റല്‍ ബാലറ്റുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്ന ശേഷമേ ഇ.വി.എമ്മുകളുടെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നടത്താവൂ എന്ന മുന്‍ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്

ഓരോ നിയോജക മണ്ഡലത്തിലേയും വോട്ടെണ്ണല്‍ ഇങ്ങനെ

തിരുവല്ല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുറ്റമ്പുഴ മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ്. ഇവിഎം മെഷീനിനായി 20 ടേബിളുകളിലായി 16 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.
റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി സെന്റ് തോമസ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്.
ആറന്മുള നിയോജക മണ്ഡലത്തില്‍ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 18 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.
കോന്നി നിയോജക മണ്ഡലത്തില്‍ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ആറ് ടേബിളുകളുമാണുള്ളത്.
അടൂര്‍ നിയോജക മണ്ഡലത്തില്‍ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 21 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്.

ജില്ലയില്‍ വോട്ടെണ്ണല്‍ നിരീക്ഷകരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി കൗണ്ടിംഗ് നിരീക്ഷകരെ നിയമിച്ചു. വോട്ടെണ്ണല്‍ വിലയിരുത്തി ക്രമക്കേട് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് കൗണ്ടിംഗ് നിരീക്ഷകരുടെ ദൗത്യം.

നിയോജക മണ്ഡലം, നിരീക്ഷകന്‍ എന്നീ ക്രമത്തില്‍ ചുവടെ:-

തിരുവല്ല – അശോക് വി പാട്ടില്‍. റാന്നി- ബന്‍ഷ് രാജ് റാം. ആറന്മുള- അനിത വാംഘഡെ. കോന്നി- ഡിഡി കപാഡിയ. അടൂര്‍ – സുരേഷ് കുമാര്‍ വശിഷ്ട്.