![](https://www.konnivartha.com/wp-content/uploads/2021/04/148931895_1500081843514596_5915564445477645733_n-853x528.jpg)
കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് 91 കേസുകളിലായി ഏപ്രില്‍ 24ന് വൈകുന്നേരം മുതല്‍ 25ന് വൈകുന്നേരം നാലു വരെ 91 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.
13 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, നാല് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുവന്ന ഒരാള്‍ക്കെതിരേ നിബന്ധനകള്‍ ലംഘിച്ചതിന് കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 708 പേര്‍ക്കും, സാമൂഹിക അകലം പാലിക്കാത്തതിന് 284 പേര്‍ക്കുമെതിരെ പെറ്റികേസ് ചാര്‍ജ് ചെയ്തു. പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
ശനി ഞായര്‍ ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പോലീസ് നടപടി ശക്തം. ജില്ലയില്‍ രണ്ടു ദിവസവും പ്രധാന സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തുകയും, നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ജില്ലാപോലീസ് മേധാവി അറിയിച്ചു.
സത്യപ്രസ്താവന കരുതാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവര്‍ക്കെതിരെയും, കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെയും നിയമനടപടി കൈകൊണ്ടു. മാസ്‌ക് കൃത്യമായി ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, അനാവശ്യമായി അലഞ്ഞു തിരിഞ്ഞു നടക്കുക, പൊതുനിരത്തില്‍ തുപ്പുക, ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കൂടാതെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തു. ജില്ലയിലെ ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തിയതായി ജില്ലാപോലീസ് മേധാവി പറഞ്ഞു.