Trending Now

കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

 

കോവിഡ് രോഗം ഏറ്റവും രൂക്ഷമായിട്ടുളള കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ ഏപ്രില്‍ 25ന് അര്‍ദ്ധരാത്രി മുതല്‍ ഏപ്രില്‍ 30ന് അര്‍ദ്ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തികൊണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

വിവാഹ, മരണ ചടങ്ങുകള്‍ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗതം, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ (പാഴ്‌സലുകള്‍ മാത്രം), ഇലക്ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍, പരീക്ഷകള്‍, വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കൃത്യമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകയും വേണം.
ഉത്തരവ് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവരവരുടെ അധികാര പരിധിയില്‍ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.