Trending Now

കോവിഡ് വ്യാപനം : പത്തനംതിട്ട ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു : കൂടുതല്‍ കരുതല്‍ വേണം : ഡിഎംഒ

 

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രോഗികളുടെ എണ്ണം 650 നു മുകളിലാണ്. രണ്ടാം തരംഗത്തില്‍ 40 വയസിന് താഴെയുളളവരില്‍ രോഗബാധ കൂടുതലായി കണ്ടു വരുന്നുണ്ട്.

നേരത്തെ രോഗം കണ്ടുപിടിക്കുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിനും
രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും സഹായിക്കും. യഥാസമയം പരിശോധന നടത്താത്തതുമൂലം ഗുരുതര രോഗലക്ഷണങ്ങളുളള കാറ്റഗറി സി യില്‍പെട്ട രോഗികളുടെ എണ്ണം ഓരോ ദിവസവും ഇരട്ടിക്കുകയാണ്. നാലു ദിവസം മുമ്പ് ഇപ്രകാരം കാറ്റഗറി സി യിലുളളവര്‍ 16 പേരായിരുന്നുവെങ്കില്‍ ഇന്നലെ മാത്രമത് 101 പേരാണ്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങളുളളവര്‍ ടെസ്റ്റിംഗിന് വിധേയമാവുകയും സ്വയം നിരീക്ഷണത്തിലിരിക്കുകയും വേണം. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരും (പ്രൈമറി കോണ്ടാക്ടുകള്‍) ക്വാറന്റൈനില്‍ ഇരിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണം. രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നത് രോഗം ഗുരുതരമാകുന്നതിനും, മരണത്തിനും കാരണമായേക്കാം.

കോവിഡിനെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയാല്‍ മാത്രമേ രോഗവ്യാപനം ഒരു പരിധി വരെയെങ്കിലും തടഞ്ഞു നിര്‍ത്താന്‍ നമുക്കു കഴിയൂ. അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുക തുടങ്ങിയവ എല്ലാവരും പാലിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക. ജില്ലയില്‍ 45 വയസിന് മുകളിലുളളവരുടെ വാക്സിനേഷന്‍ നടന്നു വരുന്നു. വാക്സിന്‍ സ്വീകരിച്ചവരും പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഒന്‍പതില്‍ താഴെയാണെങ്കിലും ചില പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലാണ്. ആനിക്കാട് (41.08), മല്ലപ്പളളി (29.64), കല്ലൂപ്പാറ (26.94), കോട്ടാങ്ങല്‍ (26.32), സീതത്തോട് (25.15), നെടുമ്പ്രം (23.58), കവിയൂര്‍ (20.89), നാറാണംമൂഴി (19.88), കുറ്റൂര്‍ (19.44), വെച്ചൂച്ചിറ (19.13), കുന്നന്താനം (18.13), പുറമറ്റം (16.35) എന്നിവയാണ് കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള പഞ്ചായത്തുകള്‍.

വാക്സിനേഷന്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ പരിശോധനകള്‍ നടത്തുകയുമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗ വ്യാപനം കുറയ്ക്കാന്‍ ചെയ്യാനാകുന്നത്. സംശയങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് വിളിക്കാവുന്നതാണെും ഡിഎംഒ പറഞ്ഞു.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍ – ജനറല്‍ ആശുപത്രി പത്തനംതിട്ട 8281574208, ജില്ലാ ആശുപത്രി കോഴഞ്ചേരി- 8281113909, 7909220168, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) പത്തനംതിട്ട 0468 2228220, 9188294118, 8281413458, കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം കണ്‍ട്രോള്‍ സെല്‍ 0468 2322515.