തെരഞ്ഞെടുപ്പില്‍ പങ്കാളികളായവര്‍ക്കായി പ്രത്യേക സൗജന്യ കോവിഡ് പരിശോധന ക്യാമ്പുകള്‍ (ഏപ്രില്‍ 16,17 )

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം, ഔദ്യോഗിക ജോലികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് (16), (17) തീയതികളില്‍ ജില്ലാ ഭരണകേന്ദ്രം പ്രത്യേക സൗജന്യ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്തും.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമയം. നിയോജകമണ്ഡലം, പരിശോധനാ സ്ഥലം എന്ന ക്രമത്തില്‍: തിരുവല്ല- താലൂക്ക് ആശുപത്രി തിരുവല്ല. റാന്നി-സിഎഫ്എല്‍ടിസി റാന്നി(മേനാംതോട്ടം ആശുപത്രി). ആറന്മുള- സിഎഫ്എല്‍ടിസി, മുത്തൂറ്റ്, കോഴഞ്ചേരി(മുത്തൂറ്റ് നഴ്‌സിംഗ് ഹോസ്റ്റല്‍). കോന്നി-ഇന്‍ഡോര്‍ സ്‌റ്റേഡിയം പ്രമാടം. അടൂര്‍-വൈഎംസിഎ ഹാള്‍, അടൂര്‍.

പ്രത്യേക പരിശോധന ക്യാമ്പുകള്‍ക്ക് പുറമെ ജില്ലാ ആശുപത്രി കോഴഞ്ചേരി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികള്‍, വല്ലന, ചാത്തങ്കേരി സിഎച്ച്‌സികള്‍, എഫ് എച്ച് സി ഓതറ, സിഎഫ്എല്‍റ്റിസി പന്തളം എന്നിവിടങ്ങളിലും ദിവസേന 100 മുതല്‍ 150 വരെ സാമ്പിളുകള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ ജില്ലയിലെ എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും 100 വീതവും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 50 വീതവും ആന്റിജന്‍ പരിശോധനയും നടത്തും.
ഇലക്ഷന്‍ പ്രചാരണത്തില്‍ ഏര്‍പ്പെട്ടവര്‍, ബൂത്ത് ഏജന്റുമാരായി നിയമിതരായവര്‍, തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും കോവിഡ്-19 പ്രത്യേക പരിശോധന ക്യാമ്പില്‍ എത്തി സൗജന്യ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.