Trending Now

ജസ്റ്റിസ് ഫാത്തിമ ബീവിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു

 

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ്. എം. ഫാത്തിമ ബീവിയെ കാണാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പത്തനംതിട്ടയിലെ വീട്ടില്‍ നേരിട്ടെത്തി.
ശബരിമല ദര്‍ശനത്തിനു ശേഷം രാജ്ഭവനിലേക്ക് മടങ്ങുന്ന വഴിയാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയത്. ജസ്റ്റിസ്. എം. ഫാത്തിമ ബീവിയോടുള്ള ബഹുമാന സൂചകമായാണ് സന്ദര്‍ശനം നടത്തിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം. ഫാത്തിമ ബീവി. ഒരുപാട് ആളുകള്‍ക്ക് പ്രചോദനമാണ് അവര്‍. പ്രത്യേകിച്ചും വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക്. ജഡ്ജി എന്നതിന് ഉപരി ഗവര്‍ണറുമായിരുന്നു. ഫാത്തിമാ ബീവി ബഹുമാനമര്‍ഹിക്കുന്നു. അതിനാലാണ് സന്ദര്‍ശിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

വളരെ കാലമായി ഗവര്‍ണറെ നേരിട്ട് അറിയാമെന്ന് ജസ്റ്റിസ്. എം. ഫാത്തിമ ബീവി പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരനുമായും അടുത്ത ബന്ധമുണ്ട്. തീര്‍ത്തും സൗഹൃദ സന്ദര്‍ശനമായിരുന്നു ഗവര്‍ണര്‍ നടത്തിയത്. ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞെന്നും ജസ്റ്റിസ് ഫാത്തിമാ ബീവി പറഞ്ഞു.

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി എന്നതും, ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളില്‍ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിയും ജസ്റ്റിസ് ഫാത്തിമ ബീവിക്ക് സ്വന്തമാണ്. ഏഷ്യയില്‍ തന്നെ രാജ്യങ്ങളില്‍ പരമോന്നതകോടതിയില്‍ ഒരു ജഡ്ജ് ആയ വനിത എന്ന ബഹുമതിയും ഫാത്തിമാ ബീവിക്കാണ്. സുപ്രീം കോടതിയിലെ പദവിയില്‍ നിന്ന് വിരമിച്ച ശേഷം ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്‌നാട് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

error: Content is protected !!