നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സിപിഎം ആക്രമണം നടത്തുമ്പോൾ പൊലീസ് നിഷ്ക്രിയരായി നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു . സിപിഎം നടത്തുന്ന ആക്രമണം നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും കോന്നിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എല്ലാ സ്ഥലത്തും പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുകയാണ്. ബിജെപി പ്രവർത്തകരെ അക്രമിച്ച പ്രതികൾ നാട്ടിൽ വിലസി നടക്കുകയാണ്. മാവേലിക്കര എൻഡിഎ സ്ഥാനാർത്ഥിയെ വീടു കയറി അക്രമിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല.
കാസർഗോഡ് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീകാന്തിന്‍റെ രണ്ട് കാലും സിപിഎമ്മുകാർ വെട്ടി.
പി.ജയരാജന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അന്വേഷിക്കണം. അക്രമത്തിന് പല സ്ഥലത്തും
എസ്ഡിപിഐയുടെ സഹായം സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ
തീവ്രവാദികളെ കൂട്ടുപിടിച്ചാണ് സിപിഎം ആക്രമണം അഴിച്ചുവിട്ടത്.
ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപിയുടെ ഭാഗത്ത് നിന്നും ജനാധിപത്യ രീതിയിൽ ചെറുത്ത് നിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ട്. സീൽ ചെയ്ത കവറുകളിലല്ല പോസ്റ്റൽ വോട്ടുകൾ വാങ്ങിയത്. സിപിഎം ഉദ്യോഗസ്ഥർ ബിൽഒമാരുടെ സഹായത്തോടെ വോട്ട് അട്ടിമറിക്കുകയാണ്. എത്ര പോസ്റ്റൽ ബാലറ്റ് അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. ഇതിലെല്ലാം ദുരൂഹതയാണുള്ളത്. കഴിഞ്ഞ തവണ ബാലൻസ് വന്ന പോസ്റ്റലുകൾ കൗണ്ടറിൽ വന്നിരുന്നു. വോട്ട് ചെയ്ത ബാലറ്റുകൾ മാറ്റി പുതിയവ വെക്കുകയാണ് ചെയ്തത്.
പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ടീമിനെ സിപിഎം ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇതിനായി ട്രെയിനിംഗ് ഉണ്ടായിരുന്നു. ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം.
തിരുവനന്തപുരം കോർപ്പറേഷനിലെ ചില വാർഡുകളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തരം കൃത്രിമം നടന്നിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.