Trending Now

ബൈക്ക് റാലിക്ക് നിരോധനം

കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ചുമതലയേറ്റു
പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളുടെ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡി.ഡി. കപാഡിയ ഐഎഎസ് ചുമതലയേറ്റു. പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസില്‍ സ്യൂട്ട് നമ്പര്‍ 202 ല്‍ ആണ് ക്യാമ്പ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതികളും, വിവരങ്ങളും കൈമാറാം. ഫോണ്‍: 9447390640.

ബൈക്ക് റാലിക്ക് നിരോധനം
തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും അതിന് 72 മണിക്കൂര്‍ മുന്‍പുള്ള സമയത്തും പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൈക്ക് റാലികള്‍ നടത്തുന്നത് നിരോധിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

തപാല്‍ വോട്ടിന് സൗകര്യം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് (03 ശനിയാഴ്ച) വൈകിട്ട് അഞ്ചിനു മുന്‍പായി അതത് വരണാധികാരികള്‍ മുമ്പാകെ തപാല്‍ വോട്ടിനുള്ള അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റല്‍ ബാലറ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം വോട്ട് എണ്ണുന്നതിന് മുന്‍പായി വരണാധികാരികള്‍ക്ക് മുമ്പാകെ തപാലിലോ നേരിട്ടോ തിരികെ എത്തിക്കണം.

വോട്ടെടുപ്പ് ദിവസവും തലേന്നും അച്ചടിമാധ്യമങ്ങളില്‍
നല്‍കുന്ന പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നും (ഏപ്രില്‍ 5, 6 തീയതികളില്‍) ദിന പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങള്‍ക്കും എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി) യുടെ മുന്‍കൂര്‍ അനുമതി നേടണം. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സംഘടനകളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാണ്. വോട്ടെടുപ്പിന് തൊട്ടു മുന്‍പ് തെറ്റിദ്ധാരണാജനകമോ പ്രകോപനപരമോ ആയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഇവയ്ക്ക് പ്രീസര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണെന്ന നിബന്ധന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുള്ളത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്ലിലാണ് സമര്‍പ്പിക്കേണ്ടത്. ഈ ദിവസങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനു മുമ്പ് എംസിഎംസി സര്‍ട്ടിഫിക്കേഷന്‍ ഉണ്ടെന്ന് ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങള്‍ ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കേഷനില്ലാത്തവ പ്രസിദ്ധീകരിക്കരുത്.

കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് ബ്രെയിലി
ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ നല്‍കണം

കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പര സഹായമില്ലാതെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് സഹായിക്കുന്ന ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ടാല്‍ പ്രിസൈഡിംഗ് ഓഫീസറുടെ പക്കലുള്ള ബ്രെയിലി ഡമ്മി ബാലറ്റ് ഷീറ്റ് നല്‍കണം. സ്ഥാനാര്‍ഥികളുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേരും ബ്രെയിലി ലിപിയില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഇ വി എം ബാലറ്റിലെ അതേ ക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലടങ്ങിയിരിക്കുന്ന വിവരങ്ങള്‍ മനസിലാക്കിയശേഷം വോട്ടര്‍ക്ക് വോട്ടിംഗ് കംപാര്‍ട്ട്മെന്റിലേക്ക് പോകാവുന്നതും ഇ വി എം മെഷീനില്‍ വലതുവശത്തായി ബ്രെയിലി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ക്രമനമ്പര്‍ പ്രകാരം ബട്ടന്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താവുന്നതുമാണ്.
വോട്ടെടുപ്പ് അവസാനിച്ചശേഷം പ്രിസൈഡിംഗ് ഓഫീസര്‍ ഡമ്മി ബാലറ്റ് ഷീറ്റ് പ്രത്യേകം കവറില്‍ സീല്‍ ചെയ്ത് മറ്റു ഫോമുകള്‍ക്കൊപ്പം റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കും. കൂടാതെ പോളിംഗ് ഓഫീസര്‍മാര്‍ ബ്രെയിലി ബാലറ്റ് ഷീറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയ വോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്തി റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കും.

പോളിംഗ് ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥരെയും വോളണ്ടിയര്‍മാരെയും നിയമിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നതിന് ഇത്തവണ നിലവിലുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഒരു ബൂത്തില്‍ രണ്ട് പേരെ വീതം നിയോഗിക്കുന്നു. താപനില പരിശോധനയ്ക്കും സാനിറ്റൈസേഷനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമാണ് ഇവരെ നിയോഗിക്കുക. അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, ഓഫീസ് അറ്റന്‍ഡര്‍മാര്‍ എന്നിവരെയാണ് ഇതിനായി നിയോഗിക്കുന്നത്.
കൂടാതെ മൂന്നില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ഒരേ സ്ഥലത്ത് വരുന്നിടങ്ങളില്‍ അധികമായി ജില്ലയില്‍ 194 വോളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ വോളണ്ടിയര്‍മാര്‍ ഉള്‍പ്പടെ 3255 പേരെയാണ് നിയോഗിക്കുക. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യവും ഒരുക്കും. വോട്ടര്‍മാരെ നിശ്ചിത അകലം പാലിച്ച് വരിയില്‍ നിര്‍ത്തുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതല.

കോവിഡ് മാനദണ്ഡം: നിര്‍ദ്ദേശങ്ങള്‍
മൈക്ക് മുഖേന വിളിച്ച് പറയണം
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന യോഗത്തിന് മുന്‍പായി മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ മൈക്ക് മുഖേന വിളിച്ച് പറയാനുള്ള നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വീകരിക്കണം.

error: Content is protected !!