നാലു മണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് പൂര്‍ത്തിയായി

 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ നടത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് അടൂര്‍, ആറന്മുള, റാന്നി, കോന്നി നിയോജകമണ്ഡലങ്ങളില്‍ പൂര്‍ത്തിയായി.

റാന്നി സെന്റ് തോമസ് കോളജ്, തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന ഇവിഎം കമ്മീഷനിംഗ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്.

ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടത്തിയത്.
ആവശ്യമായ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് തുടങ്ങിയവയുടെ കമ്മീഷനിംഗാണ് നടന്നത്. ആറന്മുള മണ്ഡലത്തിലെ മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, റാന്നിയിലെ സെന്റ് തോമസ് കോളജ്, കോന്നിയിലെ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അടൂരിലെ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ രണ്ട് ദിനങ്ങളിലായി നടന്ന ഇവിഎം കമ്മീഷനിംഗ് പൂര്‍ത്തിയായി. തിരുവല്ലയില്‍ നാളെ (29) കമ്മീഷനിംഗ് പൂര്‍ത്തിയാകും. തിരുവല്ലയില്‍ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ഇവിഎം കമ്മീഷനിംഗ് നടക്കുന്നത്.

ജില്ലയില്‍ ആകെ 1896 കണ്‍ട്രോള്‍ യൂണിറ്റ്, 1896 ബാലറ്റ് യൂണിറ്റ്, 2037 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. റാന്നി നിയോജക മണ്ഡലത്തില്‍ 282 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 350 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 376 വിവിപാറ്റ് മെഷീനുകളും ആറന്മുള നിയോജക മണ്ഡലത്തില്‍ 338 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 416 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 450 വിവിപാറ്റ് മെഷീനുകളും കോന്നി നിയോജക മണ്ഡലത്തില്‍ 293 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 364 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 390 വിവിപാറ്റ് മെഷീനുകളും അടൂര്‍ നിയോജക മണ്ഡലത്തില്‍ 306 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 380 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 407 വിവിപാറ്റ് മെഷീനുകളുടെയുമാണ് ഇവിഎം കമ്മീഷനിംഗ് പൂര്‍ത്തിയായത്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ നേളെയും (29) ഇവിഎം കമ്മീഷനിംഗ് നടക്കും. 311 പോളിംഗ് സ്റ്റേഷനിലേയ്ക്കായി 386 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 414 വിവിപാറ്റ് മെഷീനുകളുമാണ് കമ്മീഷന്‍ ചെയ്യുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തന സജ്ജമായ മെഷീനുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ സ്‌ട്രോംഗ് റൂമുകളില്‍
സീല്‍ ചെയ്ത് എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സൂക്ഷിക്കും.

 

അവശ്യസര്‍വീസിലുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടെടുപ്പ് ആരംഭിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകരുടെ (ആബ്സന്റീ വോട്ടേഴ്സ് എസന്‍ഷ്യല്‍ സര്‍വീസ്)
തപാല്‍ വോട്ടെടുപ്പ് പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച്ച ആരംഭിച്ചു. ഇന്നും ( മാര്‍ച്ച് 29 തിങ്കള്‍) നാളെയും ( മാര്‍ച്ച് 30 ചൊവ്വ) അഞ്ച് നിയോജക മണ്ഡലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ വോട്ട് രേഖപ്പെടുത്താനാകും.

ജില്ലയിലാകെ 571 വോട്ടര്‍മാരാണ് ഈ വിഭാഗത്തില്‍ ഉള്ളത്. തിരുവല്ലയില്‍ 40 പേരും റാന്നിയില്‍ 76 പേരും ആറന്മുള, കോന്നി എന്നിവിടങ്ങളില്‍ 124 പേര്‍ വീതവും അടൂരില്‍ 207 പേരും അവശ്യ സര്‍വീസ് വോട്ടര്‍മാരായുണ്ട്. കോന്നി നിയോജക മണ്ഡലത്തില്‍ കോന്നി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി എംഎസ് എച്ച്എസ്എസ്, അടൂര്‍ നിയോജക മണ്ഡലത്തില്‍ അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍, തിരുവല്ല നിയോജക മണ്ഡലത്തില്‍ തിരുവല്ല ആര്‍ഡിഒ ഓഫീസ്, ആറന്മുള നിയോജക മണ്ഡലത്തില്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സമയം. അതത് വകുപ്പുകളില്‍ നിശ്ചയിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ 12 ഡി ഫോം സഹിതം മാര്‍ച്ച് 17 ന് വൈകിട്ട് അഞ്ചിനകം അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കിയ ജീവനക്കാര്‍ക്കാണ് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കാണ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി സര്‍വീസ്, വനം വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേസ്, പോസ്റ്റല്‍ സര്‍വീസ്, ടെലഗ്രാഫ്, ആംബുലന്‍സ് സര്‍വീസ്, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തില്‍ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

error: Content is protected !!