
തെരഞ്ഞെടുപ്പ് പ്രചാരണം:കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍
നിയമ നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പത്തനംതിട്ട കളക്ടറേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ച് യോഗം നടത്തണം. പൊതുയോഗങ്ങള്‍ നടത്താന്‍ ഓരോ നിയമസഭാ മണ്ഡലത്തിലും പ്രത്യേകം സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ നിര്‍ദേശിച്ച ഈ സ്ഥലങ്ങളില്‍ നിശ്ചയിച്ച പ്രകാരമുള്ള ആളുകളുടെ എണ്ണം നിജപ്പെടുത്തി വേണം യോഗങ്ങള്‍ നടത്താന്‍. നിയോജക മണ്ഡലങ്ങളില്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളും അവിടെ പങ്കെടുക്കാന്‍ പറ്റുന്ന ആളുകളുടെ എണ്ണവും ഉള്‍പ്പെട്ട ലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. പൊതുയോഗങ്ങളും സമ്മേളനങ്ങളും നടക്കുന്നിടത്ത് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തും. പരിശോധനയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.
ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അഡ്വ. എ.സുരേഷ് കുമാര്‍, വാളകം ജോണ്‍, ജോണ്‍പോള്‍ മാത്യു, ആര്‍.ജയകൃഷ്ണന്‍, പി.കെ ഇഖ്ബാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കില്ല; പരിശീലനത്തില്‍ പങ്കെടുക്കണം
നിയമസഭാ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കുന്നതിനായി അപേക്ഷ നല്‍കിയവരെ തെരഞ്ഞെടുപ്പു ജോലിയില്‍ നിന്നും ഒഴിവാക്കുകയില്ലെന്നും പ്രത്യേക അറിയിപ്പ് നല്‍കില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. നിലവില്‍ ഉത്തരവ് ലഭിച്ചവര്‍ എല്ലാവരും (17) മുതല്‍ 20 വരെയുള്ള പരിശീലന പരിപാടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
ജി.പി.എസ് ട്രാക്കിംഗിനായി ഇ.വി.എം കണ്‍ട്രോള്‍ റൂം ഒരുങ്ങി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് റിസര്‍വ് ഇവിഎമ്മുകളും വിവിപാറ്റുകളും വഹിക്കുന്ന സെക്ടര്‍ ഓഫീസര്‍മാരുടെ വാഹനങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിന് ജില്ലയില്‍ ജി.പി.എസ് ട്രാക്കിംഗ് ഇ.വി.എം കണ്‍ട്രോള്‍ റൂം തുറക്കും. ജില്ലാ കളക്ടറേറ്റിലാണ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
എല്ലാ റിസര്‍വ് ഇവിഎമ്മുകളും വിവിപാറ്റുകളും ഉള്ള വാഹനങ്ങള്‍ ജിപിഎസ് ട്രാക്കിംഗ് നിര്‍ബന്ധമായും ഘടിപ്പിക്കണം എന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. സെക്ടര്‍ ഓഫീസറുടെ വാഹനങ്ങളുടെ ഫലപ്രദമായ നിരീക്ഷണത്തിനായി ‘എലി-ട്രെയ്‌സസ്’ എന്ന ലൊക്കേഷന്‍ ട്രാക്കര്‍ ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഇവിഎമ്മുകളും വിവിപാറ്റും വഹിക്കുന്ന വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ജിപിഎസ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് അടിസ്ഥാനമാക്കിയുള്ള ജിപിഎസ് ട്രാക്കിംഗ് വഴി ഇവയുടെ ചലനം തത്സമയം ട്രാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും.