ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു: പരാതി അറിയിക്കാം
പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു. തെലങ്കാന സ്വദേശിയായ സ്വരൂപ് മന്നവ 2011 ഐആര്‍എസ് (ഇന്ത്യന്‍ റവന്യൂ സര്‍വീസ്) ബാച്ച് ഉദ്യോഗസ്ഥനാണ്.
പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലാണ് താമസം. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച പരാതികള്‍ 94473 71890 എന്ന നമ്പരിലോ [email protected] എന്ന ഇ- മെയിലിലോ അയയ്ക്കാവുന്നതാണ്. കൂടാതെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നേരിട്ടെത്തിയും പരാതികള്‍ അറിയിക്കാം.
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കുറ്റമറ്റതും
സുരക്ഷിതവും: തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനായി ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ വി എം) കരുത്തുറ്റതും കേടുവരുത്താന്‍ കഴിയാത്തവിധം സുരക്ഷിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത സംരക്ഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഫലപ്രദമായ സാങ്കേതികവും നിര്‍വഹണപരവുമായ എല്ലാ രക്ഷാവ്യവസ്ഥകളുടെയും പശ്ചാത്തലത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ യാതൊരു കൃത്രിമവും കാട്ടാനാകില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാട്ടുന്നതില്‍ നിന്ന് വോട്ടിംഗ് കേന്ദ്രങ്ങളെ സംരക്ഷിക്കുന്നത് അതില്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്‌ട്രോണിക് സാങ്കേതികവിദ്യയും പ്രത്യേക സോഫ്റ്റ്‌വെയറുമാണ്. വയര്‍ മുഖേനയോ വയര്‍ലെസ് സംവിധാനം മുഖേനയോ മറ്റൊരു യന്ത്രവുമായോ സംവിധാനവുമായോ യന്ത്രങ്ങള്‍ ബന്ധിപ്പിച്ചിട്ടില്ല എന്നതും ഒരു സവിശേഷതയാണ്. അതിനാല്‍ തന്നെ ശേഖരിക്കുന്ന വിവരങ്ങളില്‍ കൃതിമം കാട്ടാനാകില്ല. നിരവധി കര്‍ശന പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് മെഷീന്‍ കോഡ്, സോഴ്സ് കോഡ് എന്നിവ രൂപകല്‍പന ചെയ്തിട്ടുള്ളത്. യന്ത്രങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കാന്‍ പ്രത്യേക വിഭാഗം തന്നെ ഉണ്ട്. ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും തമ്മിലുള്ള ഡൈനാമിക് കോഡിംഗ്, റിയല്‍ ടൈം ക്ലോക്ക്, ഡിസ്‌പ്ലേ സംവിധാനം, വോട്ടിംഗ് യന്ത്രങ്ങളില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ തീയതിയും സമയവും രേഖപ്പെടുത്തുന്ന സംവിധാനം 2006 മുതലാണ് നിലവില്‍ വന്നത്.
വിദേശ രാജ്യങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സ്വീകരിച്ചിട്ടുള്ള പ്രക്രിയകളില്‍ നിന്ന് അടിസ്ഥാനപരമായി തന്നെ വ്യത്യസ്ഥമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങള്‍. മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോട് കൂടിയവയായതിനാല്‍ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ചിപ്പ് നിര്‍മ്മാണ വേളയില്‍ ഒറ്റത്തവണ പ്രോഗ്രാം ചെയ്യപ്പെട്ടവയാണ്. അതിനാല്‍ വിദേശരാജ്യങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളുമായോ അവലംബിക്കുന്ന പ്രക്രിയയുമായോ താരതമ്യവും അസ്ഥാനത്താണ്.
നിര്‍വഹണ വേളയിലെ സുരക്ഷാക്രമീകരണങ്ങള്‍
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഓരോ ഘട്ടത്തിലും വിപുലവും ഫലപ്രദവും സുതാര്യവുമായ നടപടിക്രമങ്ങളാണ് കമ്മീഷന്‍ അവലംബിച്ചിട്ടുള്ളത്. യന്ത്രങ്ങളുടെ വിശ്വാസ്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ എല്ലാ ഘട്ടങ്ങളിലും രാഷ്ട്രീയകക്ഷികള്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ പ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തവും ഉറപ്പുവരുത്തിയിട്ടുണ്ട്.
വോട്ടെടുപ്പിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിന് 2010 ലാണ് വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്നത്. ഈ സംവിധാനത്തിന് കീഴില്‍ ബാലറ്റിങ് യൂണിറ്റിനോടനുബന്ധിച്ച് ഒരു പ്രിന്റര്‍ ഘടിപ്പിക്കും. ഓരോ വോട്ടും രേഖപ്പെടുത്തുമ്പോഴും അതാത് സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും വ്യക്തമാക്കുന്ന ഒരു പേപ്പര്‍ സ്ലിപ്പ് സമ്മതിദായകന്‍ ഏഴ് സെക്കന്റ് നേരത്തേക്ക് കാണാന്‍കഴിയും. വോട്ടെണ്ണല്‍ വേളയില്‍ തര്‍ക്കമുണ്ടായാല്‍ ഫലം പരിശോധിക്കാന്‍ ഈ സ്ലിപ്പ് ഉപയോഗിക്കാം.
കാഴ്ച പരിമിതര്‍ക്കും ശാരീരിക ബലഹീനതകള്‍
ഉള്ളവര്‍ക്കും വോട്ട് ചെയ്യാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക ബലഹീനതകള്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍.
തെരഞ്ഞെടുപ്പ് ചട്ടം 1961 ലെ റൂള്‍ 49എന്‍ പ്രകാരമാണ് ഈ വിഭാഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇത് പ്രകാരം വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ കാണാനോ, വോട്ട് രേഖപ്പെടുത്താനോ കഴിയാത്ത ഒരാളാണെന്ന് പ്രിസൈഡിംഗ് ഉദ്യോഗസ്ഥന് ഉത്തമബോധ്യം വന്നാല്‍ ആ വോട്ടര്‍ക്ക് മറ്റൊരാളുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കാവുന്നതാണ്.
ഇങ്ങനെ വരുന്ന സഹായികള്‍ 18 വയസിനു മുകളിലുള്ളവരായിരിക്കണം. ഒരു വ്യക്തി ഒന്നിലധികം വോട്ടര്‍മാക്ക് സഹായിയായി വരാന്‍ പാടില്ല. ഇത് ഉറപ്പാക്കുന്നതിന് സഹായിയായി വരുന്ന ആളിന്റെ വലതു ചൂണ്ടുവിരലില്‍ മഷി പുരട്ടും.
റൂള്‍ 49എന്‍ ന്റെ സബ് റൂള്‍ (2) പ്രകാരം, പരസഹായത്തോടെ ചെയ്യപ്പെട്ടിട്ടുള്ള വോട്ടറുടെ വിശദ വിവരങ്ങള്‍ ഫോം 14 – എ യില്‍ പ്രിസൈഡിംഗ് ഓഫീസര്‍ രേഖപ്പെടുത്തും.
വോട്ടിംഗ് കംപാര്‍ട്മെന്റ് വരെ പരസഹായമില്ലാതെ എത്തിച്ചേരാന്‍ സാധ്യമല്ലെങ്കിലും വോട്ട് സ്വയം ചെയ്യാന്‍ കഴിയുന്ന ആള്‍ക്കാരെ സഹായി വോട്ടിംഗ് കംപാര്‍ട്മെന്റ് വരെ മാത്രമേ അനുഗമിക്കാന്‍ പാടുള്ളു. ഇത്തരം കേസുകളില്‍ കംപാര്‍ട്മെന്റിനുള്ളിന്‍ വോട്ടര്‍ മാത്രം പ്രവേശിച്ചു സ്വയം വോട്ട് ചെയ്യേണ്ടതാണ്. ഇത്തരം വോട്ടര്‍മാരുടെ വിവരങ്ങള്‍ ഫോം 14 – എ യില്‍ രേഖപ്പെടുത്തേണ്ടതില്ല.
മാതൃകപെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച്
ജില്ലയില്‍ ഇതുവരെ ലഭിച്ചത് 206 പരാതികള്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 206 പരാതികള്‍. പരാതികളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളും സ്വീകരിച്ചു.
മാതൃക പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണ സാമഗ്രികള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും പൊതുജനങ്ങളില്‍ നിന്നുണ്ടായത്. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നേരിട്ട് ലഭിച്ചത് അഞ്ച് പരാതികളാണ്. സി-വിജില്‍ മുഖേന ഇതുവരെ 201 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ ആറ് പരാതികളില്‍ കഴമ്പില്ല എന്ന് വ്യക്തമായതിനേ തുടര്‍ന്ന് ഒഴിവാക്കി.
സി-വിജില്‍ വഴി രജിസ്റ്റര്‍ ചെയ്ത 36 പരാതികള്‍ മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള പരാതികള്‍ മാതൃകാ പെരുമാറ്റചട്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌ക്വാഡുകള്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തവയാണ്. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ടീം, രണ്ടു ആന്റി- ഡിഫേയ്‌സ്‌മെന്റ് ടീം എന്ന നിലയില്‍ അഞ്ചു മണ്ഡലങ്ങളിലായി 25 ടീമുകളാണ് ഉള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണും കാതുമായി
ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം: സ്വരൂപ് മന്നവ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണും കാതുമായി തെരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ചിലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ പറഞ്ഞു. ചുമതല ഏറ്റെടുത്തശേഷം പത്തനംതിട്ട കളക്ടറേറ്റില്‍ ഉദ്യോഗസ്ഥര്‍ക്കായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് ജോലികളില്‍ ഒരുപോലെ പങ്കുണ്ടെന്നും അഞ്ച് വര്‍ഷത്തിനിടയില്‍ കിട്ടുന്ന അവസരം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പില്‍ ചിലവ് നിരീക്ഷകരുടെയും സ്‌ക്വാഡ് അംഗങ്ങളുടെയും പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ജോലിക്കൊപ്പം ഉദ്യോഗസ്ഥര്‍ ആരോഗ്യത്തിനും മതിയായ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നിയോഗിക്കപ്പെട്ടിട്ടുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, വിവിധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ക്കായാണ് ചിലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. തിരുവല്ല, റാന്നി, അടൂര്‍, ആറന്മുള, കോന്നി എന്നീ മണ്ഡലങ്ങളിലായി 45 സ്‌ക്വാഡുകളും അഞ്ച് അക്കൗണ്ടിംഗ് ടീമും ആണുള്ളത്.
എഡിഎം ഇ. മുഹമ്മദ് സഫീര്‍, ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.