Trending Now

കോന്നിയില്‍ റോബിന്‍ പീറ്റര്‍ “ഉറപ്പിച്ചു”

 

കോന്നി വാര്‍ത്ത ഡോട്ട് കോം : യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് വൈകിട്ടോടെ ഹൈക്കമാന്‍റ് അംഗീകരിക്കാന്‍ ഇരിക്കെ ബി ജെ പി സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്ന കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷന്‍ മെംബറും ജില്ല കോണ്‍ഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡന്‍റുമായ റോബിന്‍ പീറ്റര്‍ സീറ്റ് ഉറപ്പിച്ചു .

റോബിന്‍ പീറ്ററിന്‍റെ പേര് മാത്രമാണ് ഇപ്പോള്‍ ഹൈക്കാമാന്‍റിന് മുന്നില്‍ ഉള്ളത് .മറ്റ് 4 പേരുകള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തു തള്ളി . ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് , കോന്നി ബ്ളോക്ക് പ്രസിഡന്‍റ് ,പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ സ്ഥാനം അലങ്കരിച്ച റോബിന്‍ പീറ്റര്‍ പ്രമാടം നിവാസിയാണ് .

തികഞ്ഞ ഗാന്ധി ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന റോബിന്‍ പീറ്ററിന് കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ കൈവിട്ട സ്ഥാനാര്‍ഥിത്വം ആണ് തിരികെ ലഭിക്കുന്നത് .

കൈവിട്ട കോന്നി മണ്ഡലം തിരികെ പിടിക്കുക എന്നതാണ് റോബിന്‍ പീറ്ററിന് മുന്നില്‍ ഉള്ള കടമ്പ .അതിനായി 23 വര്‍ഷം കോന്നി എം എല്‍ എ യായിരുന്ന അടൂര്‍ പ്രകാശിന്‍റെ സജീവ അനുഭവ രാഷ്ട്രീയ പ്രവര്‍ത്തനം ഒരിക്കല്‍ കൂടി കോന്നിയില്‍ ഉപയോഗപ്പെടുത്തും . അടൂര്‍ പ്രകാശിന്‍റെ നിഴലായി കൂടെ നിന്ന റോബിന്‍ പീറ്ററിന് വേണ്ടി മണ്ഡലത്തില്‍ സജീവമായി ഇടപ്പെടുവാന്‍ ആറ്റിങ്ങല്‍ എം പി കൂടിയായ അടൂര്‍ പ്രകാശ് ഇറങ്ങി തിരിക്കും .

റോബിന്‍ പീറ്ററിന്‍റെ പേര് പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് ഓഫീസുകള്‍ സജീവമാകും . ചുമരെഴുത്തുകള്‍ മറ്റ് പ്രചാരണ രീതികള്‍ തുടങ്ങും . വലിയ രീതിയില്‍ സോഷ്യല്‍ മീഡിയാ പ്രചരണം ഉണ്ടാകും .
റോഡ് ഷോയ്ക്ക് രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ എത്തുമെന്നും അറിയുന്നു . പി ജെ തോമസിന് വേണ്ടി ഇന്ദിരാ ഗാന്ധി കോന്നിയില്‍ എത്തിയിരുന്നു .

എല്‍ ഡി എഫില്‍ നിന്നും നിലവിലെ എം എല്‍ എ അഡ്വ ജനീഷ് കുമാറും , എന്‍ ഡി എ യില്‍ നിന്നും ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുംകൂടിയാകുമ്പോള്‍ കോന്നിയില്‍ ത്രികോണ മല്‍സരം ഉണ്ടാകും . ബി ജെ പിയുടെ ശക്തമായ മല്‍സരം ഉണ്ടാകും . കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്തുകള്‍ പിടിച്ചെടുത്ത രാഷ്ട്രീയ ശക്തിയോടെ ആണ് ജനീഷ് കുമാര്‍ ആദ്യത്തെ പ്രചരണം തുടങ്ങിയത് .

ആദ്യം പ്രചരണത്തിന് ഇറങ്ങിയതില്‍ അല്ല കാര്യമെന്നും ബി ജെ പിയുടെ വിജയ സാധ്യത ഉള്ള 9 മണ്ഡലത്തില്‍ എ ക്ലാസ് മണ്ഡലമായി വിലയിരുത്തുന്ന കോന്നിയില്‍ വിജയം ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നു . മലയോര മേഖലയായ കോന്നിയില്‍ അടൂര്‍ പ്രകാശ് നയിക്കുന്ന പ്രചരണത്തിന് ആണ് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നത് .

 

error: Content is protected !!