ശബരിഗിരി ജല വൈദ്യുത നിലയത്തിലെ വൈദ്യുതോല്പാദനം കൂടിയതിനാലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഒരു ജനറേറ്റര്‍ അറ്റകുറ്റപണിമൂലം വൈദ്യുതോത്പാദനം കുറവുമായതിനാല്‍ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 190 മീറ്ററാണ്. ഇത് ഇന്ന് (9) രാത്രി ഒന്‍പതു മണിയോട് കൂടി 192.63 മീറ്ററായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെ.മി എന്ന തോതില്‍ ഉയര്‍ത്തി 51.36 കുമിക്‌സ് എന്ന നിരക്കില്‍ വെള്ളം പുറത്തേക്കു ഒഴുക്കി വിടുന്നതാണ്.
ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളും ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.