Trending Now

നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പൂര്‍ണ്ണ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തണം- ഇലക്ഷന്‍ കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നത് ഉറപ്പാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീകാറാം മീണ പുറപ്പെടുവിച്ചു.

പിവിസി ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി, തോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം.

കോട്ടണ്‍ തുണി (100 ശതമാനം കോട്ടണ്‍ ഉപയോഗിച്ച് നിര്‍മിച്ചത്), പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ, പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇത്തരം മെറ്റീരിയല്‍ പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്ലബിള്‍, പിവിസി ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിന്റു ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിന്റിംഗ് നമ്പരും നിര്‍ബന്ധമായും പ്രചാരണ സാമഗ്രികളില്‍ ഉള്‍പ്പെടുത്തണം.

നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ അനുയോജ്യ നിയമ നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആരംഭിക്കണം. പുനഃചംക്രമണ പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികള്‍ ഉപയോഗ ശേഷം അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേന മുഖാന്തിരം സര്‍ക്കാര്‍ കമ്പനിയായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് കൈമാറണം.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണം.

തിരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് പരാമര്‍ശം (4) പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണം സംബന്ധിച്ച് ഉത്തരവില്‍ വിവരിച്ചിട്ടുള്ള നടപടികള്‍ സ്വീകരിക്കണം.
ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച നോഡല്‍ ഓഫീസര്‍ ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറായിരിക്കും. നിര്‍ദേശങ്ങള്‍ അനുസരിച്ച് വിവിധ വകുപ്പുകള്‍, ശുചിത്വ മിഷന്‍ എന്നിവയുടെ ഏകോപനത്തിലൂടെ ഉചിതമായ നടപടികള്‍ സ്വീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാര്‍ദമായി നടപ്പാക്കാനുള്ള അധികാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരില്‍ നിക്ഷിപ്തമാണെന്നും ഉത്തരവില്‍ പറയുന്നു.

 

പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി സ്‌ക്വാഡുകള്‍

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നടപടി ശക്തമാക്കി. ഓരോ നിയോജക മണ്ഡലത്തിലും രണ്ട് ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡുകളും ഒരു മാതൃക പെരുമാറ്റച്ചട്ട സംരക്ഷണ സ്‌ക്വാഡും പ്രവര്‍ത്തനം ആരംഭിച്ചു. പൊതു നിരത്തുകളിലോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍, ബാനറുകള്‍, വാള്‍പെയിന്റുകള്‍, പോസ്റ്ററുകള്‍ എന്നിവ പതിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സ്‌ക്വാഡുകള്‍ക്ക് നിര്‍ദേശം നല്‍കി.

സ്വകാര്യ വ്യക്തികളുടെ വസ്തുക്കളില്‍ രേഖാമൂലമുള്ള അനുവാദമില്ലാതെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല. പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കുന്നതിനായി എല്ലാ മണ്ഡലങ്ങളിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള മൂന്ന് വീതം സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും മൂന്ന് വീതം ഫ്ളൈയിംഗ് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘങ്ങള്‍ക്ക് വാഹനങ്ങളില്‍ ഉള്‍പ്പെടെ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള മദ്യം, പണം വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടുകെട്ടുന്നതിനുള്ള അധികാരമുണ്ട്.

ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി വീഡിയോ സര്‍വെയലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ നേരിട്ടറിയിക്കാന്‍ സഹായമൊരുക്കുന്ന സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തന സജ്ജമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികളുടെ ചെലവ്
കൃത്യമായി നിരീക്ഷിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ അറിയിച്ചു. ഓരോ നിയോജക മണ്ഡലത്തിലും അസിസ്റ്റന്റ് ചെലവ് നിരീക്ഷകര്‍ ഉണ്ടാകും. അവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റ് സാമഗ്രികള്‍ക്കും നിഷ്‌കര്‍ഷിക്കുന്ന തുക രണ്ടു ദിവസത്തിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭ്യമാക്കും. അത് പ്രകാരമായിരിക്കും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുക. സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്ന തുക അക്കൗണ്ട് വഴി മാത്രമായിരിക്കണം. 30.80 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക.

നിയമസഭ തെരഞ്ഞെടുപ്പ്:ഇത്തവണ ഉപയോഗിക്കുന്നത്
പുതിയ എം 3 വോട്ടിംഗ് മെഷീനുകള്‍

ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ സാങ്കേതിക വിദ്യയിലുള്ള എം 3 വോട്ടിംഗ് മെഷീനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ച് വന്നിരുന്ന എം 2 മെഷീനുകളെ അപേക്ഷിച്ച് എം 3 ഉപയോഗിക്കുന്നതുവഴി പോളിങ്ങില്‍ കൂടുതല്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കാന്‍ സാധിക്കും.
എം 3 മെഷീനില്‍ ഒരേസമയം നോട്ട ഉള്‍പ്പടെ 384 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ചേര്‍ക്കാന്‍ സാധിക്കും. എം 2 ല്‍ 64 സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നത്. യന്ത്ര തകരാറുകള്‍ സ്വയം കണ്ടെത്താന്‍ സാധിക്കുമെന്നതാണ് എം 3 മെഷീനിന്റെ മറ്റൊരു പ്രത്യേകത. ഇതുവഴി തകരാറിലായ ഇ.വി.എം മെഷീനുകള്‍ പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ബാറ്ററി നില മിഷനില്‍ ഡിസ്പ്ലേ ചെയ്യുന്നതുവഴി പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ചാര്‍ജിങ്ങ് നില അറിയാനും പെട്ടെന്നുതന്നെ തകരാറുകള്‍ പരിഹരിക്കാനും സാധിക്കും.

എം 3 മെഷീനുകളില്‍ ബാറ്ററിയുടെ ഭാഗവും ക്യാന്‍ഡിഡേറ്റ് സെറ്റ് കമ്പാര്‍ട്ട്മെന്റും പ്രത്യേകമായാണു ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ബാറ്ററികള്‍ തകരാറിലാകുന്ന സാഹചര്യത്തില്‍ മെഷീന്‍ പൂര്‍ണമായി ഒഴിവാക്കാതെ ബാറ്ററി ഭാഗം തുറന്ന് ബാറ്ററി മാറ്റാന്‍ സാധിക്കും.

ഇതുവഴി ബൂത്തുകളില്‍ ഉണ്ടാകുന്ന സമയം നഷ്ടം പരിഹരിക്കാന്‍ കഴിയും. കനം കുറഞ്ഞതും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമാണ് എം 3 മെഷീനുകള്‍. ജില്ലയില്‍ റിസര്‍വ് ഉള്‍പ്പെടെ 1996കണ്‍ട്രോള്‍ യൂണിറ്റുകളാണ് നിയമസഭ തെരഞ്ഞെടുപ്പിനായി തയ്യാറായിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ്:എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍;
ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ലഭിച്ചത് ഉറപ്പാക്കാം

ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണു തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് വോട്ടര്‍ക്ക് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തിലും സജ്ജമാക്കുന്നത്.
ഇലക്‌ട്രോണിക് വോട്ടിങ് മെഷിന്റെ ഒരു ഭാഗമാണ് വിവിപാറ്റ് അഥവാ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍.

രേഖപ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച ചിഹ്നത്തില്‍ തന്നെ ലഭിച്ചിട്ടുണ്ടോയെന്ന് വോട്ടര്‍ക്ക് വിവിപാറ്റിലൂടെ നേരിട്ടു മനസിലാക്കാമെന്നതാണ് വിവിപാറ്റ് മെഷീനിന്റെ പ്രത്യേകത. കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും ഉള്‍പ്പെട്ടതാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍. ഈ രണ്ടു യൂണിറ്റുമായി വിവിപാറ്റ് ബന്ധിപ്പിച്ചിട്ടുണ്ട്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉണ്ടായിരിക്കും.
വോട്ടര്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചിഹ്നത്തിന്റെ നേര്‍ക്കുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവന്ന ലൈറ്റ് തെളിയും. തുടര്‍ന്ന് വോട്ട് രഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ ഏഴു സെക്കന്റ് നേരം വിവിപാറ്റിലെ ഡിസ്പ്ലേ യൂണിറ്റില്‍ തെളിഞ്ഞു കാണാം. അതിനുശേഷം അവയുടെ പ്രിന്റ് താഴെയുള്ള സുരക്ഷാ അറയിലേക്കു വീഴുകയും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യും. രേഖപ്പെടുത്തുന്ന ഓരോ വോട്ടും പേപ്പര്‍ രൂപത്തില്‍ വിവിപാറ്റിനുള്ളില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഭാവിയില്‍ വോട്ട് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താതെ വിവിപാറ്റിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള പേപ്പര്‍ വോട്ടുകള്‍ എണ്ണി സംശയങ്ങള്‍ ദൂരീകരിക്കാം.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതും അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെട്ടതുമായ ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ്, ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലാണ് വിവിപാറ്റ് തയ്യാറാക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയിലെ വിദഗ്ധരായ ഐ.ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘമാണ് വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവയുടെ സാങ്കേതിക കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇവയില്‍ ഇന്റര്‍നെറ്റ്, വൈ-ഫൈ, ബ്ലൂടൂത്ത്, വയര്‍ലെസ്, ട്രാന്‍സിസ്റ്റര്‍, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങി യാതൊരു വസ്തുക്കളുമായും പുറമെ നിന്നും ബന്ധപ്പെടുത്തുവാന്‍ കഴിയില്ല. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ഇലക്ട്രിസിറ്റിയുടെ ആവശ്യവുമില്ല. അതിനാല്‍ പുറമെ നിന്നും ഇവയെ ആര്‍ക്കും നിയന്ത്രിക്കാനുമാകില്ല.

തെറ്റായ ആരോപണം ഉന്നയിച്ചാല്‍ നടപടി

വോട്ടര്‍ക്ക് താന്‍ ചെയ്ത സ്ഥാനാര്‍ഥിക്കല്ല വോട്ട് ലഭിച്ചതെന്ന് ഉറപ്പുണ്ടെങ്കില്‍ ആരോപണമുന്നയിക്കാന്‍ അവസരമുണ്ട്. എന്നാല്‍ ഇതു തെളിയിക്കേണ്ട ബാധ്യതയും വോട്ടര്‍ക്കു തന്നെയാണ്. ഏതെങ്കിലും വോട്ടര്‍ ആരോപണം ഉന്നയിച്ചാല്‍ ടെസ്റ്റ് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. എന്നാല്‍ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചെന്നു തെളിഞ്ഞാല്‍ വോട്ടര്‍ക്ക് ആറുമാസം തടവും പിഴയും ലഭിക്കാനുള്ള സാധ്യതയുണ്ട്.

ടെസ്റ്റ് വോട്ടിങ് നടപടിയിലേക്കു പോകുന്നതിനു മുന്‍പേ പോളിംഗ് ഓഫീസറുടെ സാന്നിധ്യത്തില്‍ വോട്ടേഴ്‌സ് രജിസ്റ്ററില്‍ ഒന്നുകൂടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ടെസ്റ്റ് വോട്ടിംഗില്‍ വോട്ടറുടെ ആരോപണം ശരിയാണെന്നു തെളിഞ്ഞാല്‍ കമ്മീഷന്റെ അനുവാദത്തോടെ വോട്ടിംഗ് നിര്‍ത്തിവയ്ക്കും.

 

error: Content is protected !!