സൗന്ദര്യവത്കരിച്ച ഗുരുമന്ദിരം-മഠത്തില്‍ക്കാവ്-പുളിക്കപ്പതാലില്‍ റോഡ് നാടിന് സമര്‍പ്പിച്ചു
കോന്നി വാര്‍ത്ത : കോന്നി ചൈനാമുക്ക് ഗുരുമന്ദിരം പടി – മഠത്തില്‍കാവ് – പുളിയ്ക്കപ്പതാലില്‍ റോഡിലൂടെ യാത്ര ചെയ്താല്‍ ഇനി പ്രകൃതി സൗന്ദര്യം മതിവരുവോളം ആസ്വദിക്കാം. പ്രഭാത -സായാഹ്ന വേളകളില്‍ ജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക ഇരിപ്പിടവും ഉദ്യാനവും ഒരുക്കി സൗന്ദര്യവത്കരിച്ച റോഡ് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു.
എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് വീതികൂട്ടി റോഡ് സൗന്ദര്യ വത്കരിച്ചത്. വൈകുന്നേരങ്ങളില്‍ ഗ്രാമീണ ഭംഗി ആസ്വദിക്കാനും വിശ്രമിക്കാനും ഇനി മഠത്തില്‍കാവ് ഏലായ്ക്ക് നടുവിലൂടെ പോകുന്ന ഈ റോഡിലെത്തിയാല്‍ മതി.
ഏലായില്‍ റോഡ് കടന്നു പോകുന്ന ഭാഗത്താണ് ചാരുബഞ്ച് സ്ഥാപിച്ചിരിക്കുന്നത് .ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ റോഡിന് ഇരുവശവും തണല്‍മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇരുവശങ്ങളിലായി നട്ടുവളര്‍ത്തിയിരിക്കുന്ന വിവിധതരത്തിലുള്ള പൂച്ചെടികളും യാത്രക്കാര്‍ക്ക് പുത്തനനുഭവമാണ് സമ്മാനിക്കുക. റോഡ് സൗന്ദര്യവത്കരിച്ചതോടെ ഗ്രാമീണ ടൂറിസത്തിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണ്.
പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡായതിനാല്‍ സൂര്യസ്തമയം വീക്ഷിക്കുവാനും ഇവിടെയെത്തിയാല്‍ സാധ്യമാകും. റോഡിന്റെ വശങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തും സംരക്ഷണ വേലി സജ്ജമാക്കിയുമാണ് ഗ്രാമീണ റോഡ് സൗന്ദര്യവത്കരിച്ചത്. കോന്നി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലൂടെ കടന്നുപോകുന്ന റോഡിന് വളരെയധികം പ്രാധാന്യമുണ്ട്.
മഠത്തില്‍കാവ് ക്ഷേത്രത്തിലേക്കും, ചൈനാ മുക്ക് ഗുരുമന്ദിരത്തിലേക്കും, എന്‍.എസ്.എസ് കോളേജിലേക്കുമുള്ള പ്രധാന റോഡുകൂടിയാണ് ഇത്.പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത് എന്ന് എംഎല്‍എ പറഞ്ഞു.
യോഗത്തില്‍ കോന്നി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു.
എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി വി. അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്തംഗം ഉദയകുമാര്‍, സുധാ കുമാര്‍, സുരേഷ് ചിറ്റിലക്കാട്, ഷാജികുമാര്‍, കെ.റ്റി സതീഷ്, കെ.എസ് സുരേഷ്, തുഷാര ശ്രീകുമാര്‍ ,ഷിജു, ഹരികുമാര്‍ , രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.