കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ തൃശൂര്‍ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ചര്‍ച്ച നടത്തി. കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് ചേമ്പറില്‍ തിരുവമ്പാടി, പാറമേകാവ് ദേവസ്വം പ്രതിനിധികള്‍, ആരോഗ്യ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ നടത്താന്‍ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം അധികൃതര്‍ കലക്ടര്‍ക്ക് കൈമാറി. ഫെബ്രുവരി 27 ന് ആരോഗ്യ വകുപ്പിന്റെയും പൊലീസ് വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ പൂരപറമ്പ് സന്ദര്‍ശിച്ച് പങ്കെടുപ്പിക്കാവുന്ന ആളുകളെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
തൃശൂര്‍പൂരം അതിന്റെ എല്ലാ ആചാരങ്ങളും പാലിച്ച് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹായസഹകരണങ്ങളും കലക്ടര്‍ വാഗ്ദാനം നല്‍കി.
പൂരത്തിന് മുന്‍പുള്ള ദിനങ്ങളിലെ കോവിഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ ഇളവുകള്‍ നിര്‍ദേശിക്കാന്‍ കഴിയൂ എന്ന് കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.
പൂരം എക്‌സിബിഷനും സാമ്പിള്‍ വെടികെട്ടും ഒഴിവാക്കാന്‍ ഇരു ദേവസ്വങ്ങളും യോഗത്തില്‍ സമ്മതമറിയിച്ചിട്ടുണ്ട്. അണി നിരത്താവുന്ന ആനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ സ്വീകരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന, ഡിസ്ട്രിക്ട് ഡവപ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പൊലിസ് കമ്മീഷണര്‍ ആര്‍ ആദിത്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.