കോന്നി ഗവ.എച്ച്എസ്എസ് ഇനി മികവിന്‍റെ കേന്ദ്രം: പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

 

കോന്നി വാര്‍ത്ത : വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോന്നി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റിയപോലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തും സമൂലമാറ്റം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഉന്നതവിദ്യാഭ്യാസം തേടി ഇതര സംസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ പോകുന്ന സ്ഥിതിയാണുള്ളത്. ഇതിന് മാറ്റം വരുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അനുയോജ്യമായ എല്ലാ കോഴ്‌സുകളും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതോടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്‌സുകള്‍ സ്വന്തം നാട്ടില്‍ പഠിക്കാനുള്ള അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. റ്റി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.

സ്‌കൂള്‍തല ഉദ്ഘാടനവും ശിലാ ഫലക അനാശ്ചാദനവും അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. എല്ലാവര്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എംഎല്‍എ പറഞ്ഞു.

കോന്നിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന പദ്ധതികള്‍ക്കാണ് ഈ സര്‍ക്കാര്‍ തുടക്കം കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചെലവഴിച്ചാണ് രണ്ട് ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പതിനാല് ക്ലാസ് മുറികളുള്ള അക്കാദമിക് ബ്ലോക്കും സ്‌റ്റേജ് ലൈബ്രറി ,ലാബ്, ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടുന്ന സ്റ്റേജ് ബ്ലോക്കുമാണ് സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ചത്.

 

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം വി.റ്റി അജോമോന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം തുളസിമണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിജി സജി, ഗ്രാമപഞ്ചായത്തംഗം കെ.ജി ഉദയകുമാര്‍, എഇഒ കുഞ്ഞുമൊയ്തീന്‍കുട്ടി എം.റ്റി, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ സുദേവ്,പിറ്റിഎ പ്രസിഡന്റ് എന്‍. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് കെ. സന്തോഷ്, പ്രിന്‍സിപ്പാള്‍ യു. റസിയ, ഹെഡ്മിസ്ട്രസ് എസ്. സന്ധ്യ, എസ്എംസി ചെയര്‍മാന്‍ പി.എന്‍ സന്തോഷ്, മുന്‍ പിറ്റിഎ പ്രസിഡന്റ് എന്‍.എസ് മുരളി മോഹന്‍,മുന്‍ പ്രിന്‍സിപ്പാള്‍ എസ്.എസ് ഫിറോസ്ഖാന്‍, മുന്‍ ഹെഡ്മിസ്ട്രസ് ഡി. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.