കോന്നി വാര്‍ത്ത : സ്മാര്‍ട്ട് വില്ലേജ് ആകാന്‍ ഒരുങ്ങി കോന്നിത്താഴം വില്ലേജ് ഓഫീസ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.
സാധാരണക്കാര്‍ ഏറെ എത്തുന്ന വില്ലേജ് ഓഫീസിന്റെ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ മെച്ചപ്പെടുത്തി പൊതുജന സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശുചിമുറി, സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം, അത്യാധുനിക ഓഫീസ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
കോന്നിത്താഴം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍മ്മാണ ഉദ്ഘാടനത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. 44 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് കാലായില്‍,സി.എസ് സോമന്‍പിള്ള, തഹസില്‍ദാര്‍ കെ.എസ് നസിയ, വില്ലേജ് ഓഫീസര്‍ രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.