Trending Now

കോന്നി ആന മ്യൂസിയം  ഫെബ്രുവരി 16ന് തുറന്നു നല്‍കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആന മ്യൂസിയം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശിഷ്ടാതിഥി ആയിരിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യയിലെ ആദ്യത്തെ ആന മ്യൂസിയമാണ് കോന്നിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. ആനയുമായി ബന്ധപ്പെട്ട വിജ്ഞാനം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനും കോന്നിയുടെ ആന ചരിത്രം അറിയാനും കഴിയുന്ന നിലയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് ആന മ്യൂസിയം തയാറാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചിട്ടുള്ള മ്യൂസിയത്തിനു വേണ്ടി 35 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.

കോന്നി ആനത്താവളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ആന മ്യൂസിയം പുതിയ അനുഭവം പകര്‍ന്നു നല്‍കും. ആനയെ സംബന്ധിച്ച് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനുള്ള സംവിധാനങ്ങളും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ആനത്താവളത്തില്‍ കൂടുതല്‍ ആനയെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. ഏഴ് ആനയെ നല്‍കണം എന്ന് ആവശ്യപ്പെട്ട് കത്തും നല്‍കിയിരുന്നു. ഇപ്പോള്‍ ഒരു ആനയെ എത്തിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആനകളെ തിരികെ എത്തിക്കുന്നതിനും കൂടുതല്‍ ആനകളെ ലഭിക്കുന്നതിനും തുടര്‍ന്നും പ്രവര്‍ത്തനം നടത്തും.

ആനത്താവളം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ആവശ്യമായ പദ്ധതികളും തയാറാക്കും. കുട്ടികളുടെ പാര്‍ക്കും വിപുലീകരിക്കും. എംഎല്‍എ ഫണ്ടില്‍ പുതിയ ഹൈമാസ്റ്റ് ലൈറ്റും ആനത്താവളത്തില്‍ സ്ഥാപിക്കും. വനം വകുപ്പിന്റെ ചുമതലയില്‍ തന്നെ കോന്നി സഞ്ചായത്ത് കടവില്‍ പുതിയ ടൂറിസം പദ്ധതി ആരംഭിക്കും. അവിടെയുള്ള വനം വകുപ്പ് വക സ്ഥലവും പുറമ്പോക്കും ഉപയോഗപ്പെടുത്തും. മ്യൂസിക്ക് ഫൗണ്ടന്‍, പാര്‍ക്ക്, പെഡല്‍ ബോട്ട് സവാരി, ഡോര്‍മെട്രി സൗകര്യം ഉള്‍പ്പെടെ 10 കോടി രൂപയുടെ പദ്ധതിയാണ് അവിടെ നടപ്പാക്കുന്നത്.

കോന്നിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ കഴിയുന്ന നിലയില്‍ ടൂറിസം പദ്ധതികളെ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അടവിയില്‍ ഉള്‍പ്പെടെ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ടൂറിസവുമായി ബന്ധപ്പെടുത്തി ജനങ്ങളുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രാദേശികമായി ഉത്പന്നങ്ങള്‍ നിര്‍മിച്ച് പൊതുവായ ബ്രാന്‍ഡില്‍ വിപണനം നടത്തുമെന്നും എംഎല്‍എ പറഞ്ഞു. ചോക്ലേറ്റ്, മറ്റ് കരകൗശല ഉത്പന്നങ്ങള്‍, വന ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇത്തരത്തില്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തും. ഇതിനായി പ്രദേശവാസികളെ സംഘടിപ്പിച്ച് കൂട്ടായ്മകള്‍ രൂപീകരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.

error: Content is protected !!