Trending Now

കുമ്പഴ – മലയാലപ്പുഴ റോഡിന്‍റെ നിര്‍മാണ ഉദ്ഘാടനം നടത്തി

 

കുമ്പഴ – മലയാലപ്പുഴ റോഡിന്റെ നിര്‍മാണത്തിന് തുടക്കമായതോടെ പത്തനംതിട്ടയെ സംബന്ധിച്ച് ദീര്‍ഘനാളത്തെ വികസന ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട കുമ്പഴ – മലയാലപ്പുഴ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

പുതിയ കാലം, പുതിയ നിര്‍മാണം എന്ന ആപ്ത വാക്യത്തോടെ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് വിസ്മയകരമായിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുടനീളം നടത്തി വരുന്നത്. ഇപ്പോള്‍ ആറന്മുള നിയോജക മണ്ഡലത്തിലുടനീളമുള്ള ചെറുതും വലുതുമായ എല്ലാ റോഡുകളും ബിഎം ആന്‍ഡ് ബിസി ടാറിംഗ് ചെയ്തു കഴിഞ്ഞു. ഇതായിരുന്നില്ല 2016ന് മുന്‍പുണ്ടായിരുന്ന മണ്ഡലത്തിന്റെ അവസ്ഥ. അടിസ്ഥാന സൗകര്യ മേഖലയില്‍ ഇത്രയധികം വിപ്ലവകരമായ പ്രവര്‍ത്തികള്‍ ഉണ്ടായൊരു കാലം മുന്‍പുണ്ടായിട്ടില്ല. ജില്ലയില്‍ കോഴഞ്ചേരി പാലം ഉള്‍പ്പടെ ഒട്ടനേകം പാലങ്ങളുടെ നിര്‍മാണമാണ് നടത്തിയത്. ആരോഗ്യം, ആശുപത്രി, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ജില്ലയില്‍ നടന്നിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.

സമാനതകളില്ലാത്ത വികസനമാണ് പൊതുമരാമത്ത് വിഭാഗം സംസ്ഥാനത്തുടനീളം കാഴ്ചവയ്ക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ട അതിഥിയായ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള വലിയ പരിശ്രമമാണ് നടക്കുന്നത്. നടക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്ന മലയോര ഹൈവേയായ പുനലൂര്‍ – മൂവാറ്റുപുഴ റോഡും ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യാഥാര്‍ഥ്യമാക്കുകയാണ്. 750 കോടി രൂപയാണ് പുനലൂര്‍ – മൂവാറ്റുപ്പുഴ സംസ്ഥാന പാത വികസനത്തിനായി സര്‍ക്കാര്‍ വിനിയോഗിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.

ആറന്മുള, കോന്നി നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡാണ് കുമ്പഴ – മലയാലപ്പുഴ റോഡ്. നാലു കോടി രൂപ വിനിയോഗിച്ചാണ് റോഡ് പുനര്‍നിര്‍മാണം നടത്തുന്നത്. നാലു കിലോമീറ്റര്‍ നീളത്തിലും ഏഴു മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മിക്കുന്നത്. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡില്‍ ഐറിഷ് ഡ്രയിന്‍, സംരക്ഷണ ഭിത്തി, ട്രാഫിക്ക് സുരക്ഷാ ഉപാധികള്‍ തുടങ്ങിയവും ഉണ്ടാകും. കുമ്പഴ കളീക്കല്‍പ്പടി ജംഗ്ഷനില്‍ ആരംഭിച്ച് മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ അവസാനിക്കുന്ന റോഡിന്റെ പൂര്‍ത്തീകരണത്തോടെ ശബരിമല തീര്‍ഥാടകര്‍ക്കും സുഗമമായി ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പത്തനംതിട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍ വിമലാ ശിവന്‍, പത്തനംതിട്ട മുനിസിപ്പല്‍ പി ഡബ്ല്യു ടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാമണി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ജെറി അലക്‌സ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ ഷീനാ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.