Trending Now

അരുവാപ്പുലം ഐരവൺപാലം നിർമ്മിക്കുന്നതിന് 12.25 കോടി രൂപ അനുവദിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമമായി. അച്ചൻകോവിലാറിനു കുറുകെഅരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഐരവൺപാലം നിർമ്മിക്കുന്നതിന് 12.25 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

റീബിൽഡ് കേരളാ ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പഞ്ചായത്ത് ആസ്ഥിയായ വസ്തുവിലാണ് പാലം നിർമ്മിക്കുന്നത്. അതിനാൽ എൽ.എസ്.ജി.ഡി.എഞ്ചിനീയറിംഗ് വിഭാഗം മേൽനോട്ടം നിർവ്വഹിക്കും.
അരുവാപ്പുലം പഞ്ചായത്തിലെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ – ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയിലാണ്.

അരുവാപ്പുലം പഞ്ചായത്തിനെ അച്ചൻകോവിൽആറ് രണ്ട് കരകളായി വേർതിരിക്കുകയാണ്. ഇരുകരകളിലുമുള്ളവർ പരസ്പരം കാണണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി എത്തിച്ചേരേണ്ട സ്ഥിതിയാണ്. കിലോമീറ്ററുകൾ താണ്ടിയുള്ള ഈ യാത്രയുടെ ബുദ്ധിമുട്ടുകൾ നിവേദനങ്ങളും, അവലാതികളുമായി പതിറ്റാണ്ടുകൾ കൊണ്ട് അധികാരികൾ മുമ്പാകെ എത്തിയിരുന്നു എങ്കിലും ഒരു പരിഗണനയും ലഭിച്ചിരുന്നില്ല.
ഉപതെരഞ്ഞെടുപ്പിലൂടെ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയായി വന്നതോടെ ജനങ്ങൾ ഈ പ്രശ്നം പുതിയ എം.എൽ.എയ്ക്ക് മുന്നിലും അവതരിപ്പിച്ചു.

മാധ്യമങ്ങളും പാലമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു.ഇതോടെ ജനകീയ ആവശ്യം സംസ്ഥാന മുഖ്യമന്ത്രി മുൻപാകെ എം.എൽ.എ എത്തിക്കുകയും, പാലത്തിന് അനുമതിനേടിയെടുക്കുകയുമായിരുന്നു.

അരുവാപ്പുലം, ഐരവൺ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോൾ രണ്ടായി നിന്ന പഞ്ചായത്ത് പ്രദേശം ഒന്നായി മാറും.ഐരവൺ ഭാഗത്തുനിന്ന് ജനങ്ങൾക്ക് കേന്നി ചുറ്റാതെ പഞ്ചായത്താഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലെത്താം. അരുവാപ്പുലം നിവാസികൾക്ക് മെഡിക്കൽ കോളേജിലുമെത്തിച്ചേരാൻ കഴിയും.

കോന്നിയിലെ ഒരു പ്രധാന വികസന പ്രശ്നമായിരുന്നു ഐരവൺപാലമെന്ന് എം. എൽ.എ പറഞ്ഞു. എത്രയും വേഗം ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കും. പാലം അനുവദിക്കുന്നതിന് ഏറ്റവും സഹായകരമായ നിലപാട് വേഗത്തിൽ സ്വീകരിച്ച മുഖ്യമന്ത്രിയേയും, മറ്റ് മന്ത്രിമാരെയും കോന്നി ജനതയ്ക്ക് വേണ്ടി പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും എം.എൽ.എ പറഞ്ഞു.