Trending Now

കോന്നി മണ്ഡലത്തിലെ മുഴുവന്‍ പട്ടയങ്ങളും മൂന്ന് മാസത്തിനുള്ളില്‍ കൈമാറും

 

കോന്നി വാര്‍ത്തഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ പട്ടയം ലഭിക്കാനുള്ള മുഴുവന്‍ ആളുകള്‍ക്കും മൂന്നു മാസത്തിനുള്ളില്‍ പട്ടയം വിതരണം ചെയ്യാന്‍ തീരുമാനമായി. ആറായിരത്തോളം ആളുകള്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനമായത്.

1964ലെ ഭൂമി പതിവ് ചട്ടപ്രകാരമാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്. കോന്നി താലൂക്കിലെ പട്ടയങ്ങളുടെ സ്ഥിതി വിശദമായി യോഗം വിലയിരുത്തി. പട്ടയ വിതരണ മേള ഉടന്‍ നടത്തുവാനും യോഗത്തില്‍ തീരുമാനമായി.
സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട്, കലഞ്ഞൂര്‍, മൈലപ്ര, പ്രമാടം പഞ്ചായത്തുകളിലാണ് പട്ടയ വിതരണം നടത്താനുള്ളത്. വള്ളിക്കോട്-കോട്ടയം വില്ലേജിലെ വിവിധ കോളനികളിലെ 46 കൈവശ കക്ഷികള്‍ക്ക് പട്ടയങ്ങള്‍ നല്‍കുന്നതിലെ സാധ്യതകളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 10ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കോന്നി താലൂക്ക് ഓഫീസില്‍ യോഗം ചേരാനും തീരുമാനമായി.

എല്ലാവര്‍ക്കും പട്ടയം നല്‍കാന്‍ വേണ്ട നടപടിയാണു സ്വീകരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. നിയമപരമായി നില നില്‍ക്കുന്ന പട്ടയം വിതരണം ചെയ്യാന്‍ നടത്തിയ ഇടപെടലാണു ഫലപ്രാപ്തിയിലെത്താന്‍ പോകുന്നത്. മലയോര നാടിന്റെ ദീര്‍ഘകാല ആവശ്യം സമയബന്ധിതമായി തന്നെ പരിഹരിച്ചു നല്കാന്‍ വലിയ പരിശ്രമമാണു നടത്തിക്കൊണ്ടിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.

കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാര്‍, ജില്ലാ സര്‍വേ സൂപ്രണ്ടന്റ് അനില്‍ കുമാര്‍, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.