കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
കണ്‍വന്‍ഷനുകള്‍, ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍, വിവാഹം മറ്റ് ചടങ്ങുകള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍, ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കൂടാതെ പ്രദേശത്തെ ചുമതലയിലുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്തി പ്രവര്‍ത്തിക്കണം.
കണ്ടെയ്ന്‍മെന്റ് സോണുകളാകുന്ന പ്രദേശങ്ങളുടെ അതിര്‍ത്തികളില്‍ ബാനറുകളോ പോസ്റ്ററുകളോ ഉപയോഗിച്ച് അറിയിപ്പ് നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും, കണ്ടെയ്ന്‍മെന്റ് സോണുകളാക്കുന്ന മുറയ്ക്ക് ഉച്ചഭാഷിണിയിലൂടെ പ്രദേശവാസികളെ അറിയിക്കുന്നതിന് പോലീസിനും നിര്‍ദേശം നല്‍കി. മഞ്ഞനിക്കര, മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍ നടക്കുന്ന സാഹചര്യത്തില്‍
സെക്ടറല്‍ മജിസ്‌ട്രേറ്റമാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. നദികളിലെ മുങ്ങി മരണം സംബന്ധിച്ച് അപകട സാധ്യതയുള്ള 32 പ്രദേശങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അഗ്‌നി സുരക്ഷാ വകുപ്പ് അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളില്‍ മൂന്നു വീതം സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും, കോവിഡ് കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒമ്പത് പഞ്ചായത്തുകളില്‍ ഓരോ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും നിയോഗിക്കും. ബാക്കിയുള്ള ഗ്രാമപഞ്ചായത്തുകളില്‍ നാലു പഞ്ചായത്തുകള്‍ക്ക് ഒരു സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്ന രീതിയിലും നിയമിക്കും.
കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സിനിമാ തിയേറ്ററുകള്‍, മാര്‍ക്കറ്റുകള്‍, അബ്കാരി ഷോപ്പുകള്‍ തുടങ്ങി ആള്‍ക്കാര്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കാന്‍ ഫെബ്രുവരി അഞ്ചിന് മുമ്പായി ഗ്രാമപഞ്ചായത്ത് വാര്‍ഡുതല കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
എഡിഎം ഇ. മുഹമ്മദ് സഫീര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍. ജ്യോതിലക്ഷ്മി, ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, പത്തനംതിട്ട ഫയര്‍ ഓഫീസര്‍ വി. വിനോദ് കുമാര്‍, ഡിഡിപിയുടെ അധിക ചുമതല വഹിക്കുന്ന പി.ജെ. രാജേഷ് കുമാര്‍, നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, ജില്ലാ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.എസ്. ഷീബ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.