Trending Now

സീതത്തോട് മെഡിക്കല്‍ പ്രൊഫഷണല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

സീതത്തോട് മെഡിക്കല്‍ പ്രൊഫഷണല്‍ കോളജ് ഉടന്‍  പ്രവര്‍ത്തനം ആരംഭിക്കും

കോന്നി വാര്‍ത്ത : സീതത്തോട് പഞ്ചായത്തില്‍ അനുവദിച്ച മെഡിക്കല്‍ പ്രൊഫഷണല്‍ കോളജ് പഞ്ചായത്ത് ഓഫീസിന് എതിര്‍വശമുള്ള ആയുര്‍വേദ ആശുപത്രി കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായി. കെട്ടിടം സന്ദര്‍ശിക്കാന്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയോടൊപ്പമെത്തിയ സീപാസ് സംഘം സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഭാഗമായ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സീപാസ്) ആണ് കോളജ് ആരംഭിക്കുന്നത്.

കോളജ് താല്ക്കാലിക കെട്ടിടത്തില്‍ ആദ്യം ആരംഭിക്കുകയും പിന്നീട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും ലഭ്യമാക്കുന്ന അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുകയും ചെയ്യാനുള്ള തീരുമാനമാണ് എടുത്തത്. ആദ്യ ഘട്ടമായി പഞ്ചായത്ത് വിട്ടു നല്കുന്ന കെട്ടിടത്തില്‍ ഓഫീസ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. മറ്റ് താല്ക്കാലിക സൗകര്യങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കും .

കോളജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുമാസം മുന്‍പ് എംഎല്‍എയും ഉന്നതതല സംഘവും സീതത്തോട്ടില്‍ എത്തി സ്ഥല പരിശോധന നടത്തിയിരുന്നു. മലയോര കുടിയേറ്റ മേഖലയായ സീതത്തോട്ടില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നുംതന്നെയില്ല. ഈ സാഹചര്യത്തിലാണ് എംഎല്‍എ മുഖ്യമന്ത്രിയുമായും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി സീതത്തോട്ടില്‍ ആരോഗ്യമേഖലയ്ക്ക് പ്രാമുഖ്യം നല്കി ഒരു കോളജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് സീപാസ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പ്രൊഫഷണല്‍ കോളജ് അനുവദിക്കാന്‍ തീരുമാനമായത്.

ബിഎസ്സി കോഴ്സുകളായ നഴ്സിംഗ്, എം.എല്‍.റ്റി, മൈക്രോബയോളജി എന്നിവയും റേഡിയോളജി, ഫിസിയോ തെറാപ്പി എന്നിവയുമാണ് ഇവിടെ ആദ്യം ആരംഭിക്കുന്ന കോഴ്സുകള്‍. യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള ചുമതലയില്‍ ആരംഭിക്കുന്ന കോളജില്‍ അഡ്മിഷന്‍ പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. കാലാകാലങ്ങളില്‍ യൂണിവേഴ്സിറ്റി നിശ്ചയിക്കുന്ന ഫീസായിരിക്കും കുട്ടികളില്‍ നിന്ന് ഈടാക്കുക. രണ്ടാം ഘട്ടമായി ഫാര്‍മസി കോളജും പ്രവര്‍ത്തനമാരംഭിക്കും.
കോളജ് തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനം വേഗമാക്കാന്‍ എംഎല്‍എ നടത്തുന്ന ഇടപെടല്‍ വളരെ സഹായകരമാണെന്ന് സീപാസ് ഡയറക്ടര്‍ പറഞ്ഞു. കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി കോളജിനെ ഒരു സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടുത്തി ഗവണ്‍മെന്റ് ഉത്തരവാകേണ്ടതുണ്ട്. ഇതിനുള്ള ഇടപെടലും എംഎല്‍എയോടൊപ്പം ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തിന്റെ സഹകരണവും കോളജിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി ലഭിക്കുന്നുണ്ട്. എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും സീപാസ് ഡയറക്ടര്‍ പറഞ്ഞു.
എംഎല്‍എയോടൊപ്പം സീപാസ് ഡയറക്ടര്‍ ഡോ. പി.കെ. പത്മകുമാര്‍, ജോ. ഡയറക്ടര്‍ ഡോ. റ്റി.പി. ജയചന്ദ്രന്‍, ഗവേണിംഗ് ബോഡി മെമ്പര്‍ ഡോ. അബ്ദുള്‍ വഹാബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി. റ്റി. ഈശോ, വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.