Trending Now

72-ാമത് റിപ്പബ്ലിക് ദിനാഘോഷം: പത്തനംതിട്ട

72-ാമത് റിപ്പബ്ലിക് ദിനാഘോഷം:രാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്കാകണം
പ്രാധാന്യം: മന്ത്രി കെ.രാജു

കോന്നി വാര്‍ത്ത : ഭരണഘടനാ സ്ഥാപനങ്ങളും ഭരിക്കുന്നവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കും അതീതമായി രാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്കാകണം പ്രാധാന്യം നല്‍കേണ്ടതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്ത് റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

ലോകത്ത് പല രാഷ്ട്രങ്ങളിലും ഭരണപ്രതിസന്ധികളും അട്ടിമറികള്‍ നടക്കുമ്പോഴും ഇന്ത്യ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നത് നമ്മുടെ ഭരണഘടനയുടെകൂടി പിന്‍ബലത്തിലാണ്. ഭാരതത്തിന്റെ മതേതരത്വവും വിപുലമായ പൗരാവകാശങ്ങളും ഫെഡറല്‍ കാഴ്ചപ്പാടുമെല്ലാം ഭരണഘടന അനുവദിച്ചുതന്ന ജനാധിപത്യ മൂല്യങ്ങളാണ്. ഭരണഘടനയുടെ അന്തഃസത്തയെ ദുര്‍ബലപ്പെടുത്താനും ദുരുപയോഗം ചെയ്യാനും അനുവദിച്ചു കൂടാ. നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗനിര്‍ഭരമായ പോരാട്ടത്തിനൊടുവില്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഒരു രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ പ്രയാണത്തിലെ നാഴികക്കല്ലായിരുന്നു 1950 ജനുവരി 26. ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ഇന്നും വഴികാട്ടിയായി ഭരണഘടന നിലവില്‍ വന്നത് ഈ ദിനത്തിലായിരുന്നു. ഏത് പ്രതിസന്ധിയിലും അസാധാരണമായ കെട്ടുറപ്പോടെ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നത് ഭരണഘടനയുടെ പിന്‍ബലത്തിലാണ്. ഈ ദിനത്തില്‍ നമ്മുടെ രാഷ്ട്രം പിന്നിട്ട വഴികളിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ നമുക്ക് ഭരണഘടനയെ ഓര്‍ത്ത് അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
ലോകത്താകമാനം പടര്‍ന്നുപിടിച്ച ഒരു മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് നാം ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനമാഘോഷിക്കുന്നത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പോലും കഴിയാത്ത ഒരു വൈറസ് മാനവരാശിയെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ മാസങ്ങളാണു കടന്നുപോയത്. കോവിഡ്-19 നമ്മുടെ ജീവിതക്രമങ്ങളെ മാറ്റി എഴുതിയിരിക്കുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വളരെ വലുതാണ്. സാധാരണക്കാരായ മനുഷ്യര്‍ മുതല്‍ ലോകം കണ്ട മികച്ച പ്രതിഭകള്‍ വരെ കോവിഡ് ബാധമൂലം മരിച്ചവരുടെ കൂട്ടത്തിലുണ്ട്. നമുക്ക് തിട്ടപ്പെടുത്താന്‍ കഴിയാത്ത നഷ്ടങ്ങളാണവയെല്ലാം. കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ പേര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ പ്രതിസന്ധി നമ്മെയെല്ലാം ആശങ്കപ്പെടുത്തുമ്പോഴും ഈ മഹാമാരിക്കെതിരായ പ്രതിരോധ വാക്‌സിന്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു.

നമ്മുടെ ശാസ്ത്ര, ഗവേഷണ മേഖലകള്‍ കൈവരിച്ച നേട്ടത്തിന്റെ പ്രതിഫലനം കൂടിയാണ് കോവിഡ് വാക്‌സിന്റെ കണ്ടുപിടിത്തം. കോവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനു പിറകില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശാസ്ത്രപ്രതിഭകളെയും നമുക്ക് അഭിവാദ്യം ചെയ്യാം.
രാഷ്ട്രം റിപ്പബ്ലിക് ദിനമാഘോഷിക്കുമ്പോള്‍ ഇത് ആരുടെ റിപ്പബ്ലിക് എന്ന ചോദ്യം ചില കോണുകളില്‍ നിന്നുയര്‍ന്നു വരുന്നുണ്ട്. തീര്‍ച്ചയായും ഇത് ഇന്ത്യയിലെ ഓരോ സാധാരണക്കാരന്റെയും റിപ്പബ്ലിക്കാണെന്ന് സംശയമില്ലാതെ പറയാന്‍ നമുക്കു കഴിയണം. ഈ ലക്ഷ്യം മുറുകെപ്പിടിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ക്ഷേമപദ്ധതികള്‍ ചിട്ടപ്പെടുത്തിയത്. നാട്ടിലെ ഏറ്റവും ദരിദ്രനെകൂടി മനസില്‍ വച്ചുകൊണ്ടുള്ള വികസന പദ്ധതികള്‍ക്കു രൂപം നല്‍കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്. ഏറ്റവും സാധാരണക്കാരനു ലഭിക്കുന്ന ക്ഷേമപെന്‍ഷനും മുഴുവന്‍ പേര്‍ക്കും സൗജന്യമായി നല്‍കുന്ന ഭക്ഷ്യക്കിറ്റും സാധാരണ പള്ളിക്കൂടങ്ങളുടെ മുഖച്ഛായ മാറ്റിയ വിദ്യാഭ്യാസ വിപ്ലവവുമെല്ലാം അവയില്‍ ചിലതു മാത്രമായിരുന്നു. കേരളീയ സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരോഗമനാത്മകമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നാടിന്റെ ക്രമസമാധാനവും സാമൂഹ്യമായ കെട്ടുറപ്പും സംരക്ഷിക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സേനാവിഭാഗങ്ങളെയും ഈ സുദിനത്തില്‍ കേരള സര്‍ക്കാരിനുവേണ്ടി അഭിവാദ്യം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളും കൃഷി ആയുധങ്ങളുമേന്തി ഈ രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷക ലക്ഷങ്ങള്‍ പരേഡ് നടത്തുന്നുണ്ട്. മാസങ്ങളായി ഇന്ത്യയിലെ കര്‍ഷക ജനത ശക്തമായ പോരാട്ടത്തിലാണ്.

നമ്മുടെ നാടിനെ തീറ്റിപ്പോറ്റുന്നവരാണു കര്‍ഷകര്‍. നമ്മുടെ ഭക്ഷ്യസുരക്ഷയുടെ കാവല്‍ ഭടന്മാര്‍ അവരാണ്. സ്വാതന്ത്ര്യ സമരം കാലം മുതല്‍ക്കേ നാം കേട്ട മുദ്രാവാക്യമായിരുന്നു. ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്നത്. ഈ നാടിനെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കാന്‍ ജീവന്‍ പോലും തൃണവല്‍ഗണിച്ച് അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്കു തുല്യമായാണു കിസാനെയും രാജ്യത്തിന്റെ കാവല്‍ക്കാരായി നാം പരിഗണിച്ചത്. എന്നാല്‍ രാഷ്ട്ര തലസ്ഥാനത്ത് ജവാന്മാര്‍ കിസാന്‍മാരെ നേരിടുന്ന സാഹചര്യമുണ്ടാകുന്നു. ആ സാഹചര്യം തുടര്‍ന്ന് പോകരുതെന്ന് തിരിച്ചറിവില്‍ നിന്നാണ് കര്‍ഷക പ്രക്ഷോഭം പരിഹരിക്കാനാവശ്യമായ നടപടികള്‍ ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയത്. അന്നമൂട്ടുന്ന കര്‍ഷകരോടൊപ്പം മനസുകൊണ്ടെങ്കിലും ഐക്യപ്പെടാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, എഡിഎം അലക്‌സ് പി. തോമസ്, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ അനീഷ്, സി.കെ അര്‍ജുനന്‍, ആര്‍.സാബു, എ.സുരേഷ്‌കുമാര്‍, എം.സി ഷെറീഫ്, ജാസിന്‍ കുട്ടി, കെ.ആര്‍ അജിത്കുമാര്‍, എസ്.ഷെമീര്‍, എ.അഷ്്‌റഫ്, മേഴ്‌സി വര്‍ഗീസ്, ആനീ സജി, ശോഭാ കെ മാത്യു, ഇന്ദിരാമണിയമ്മ, അഡീഷണല്‍ എസ്.പി:എ.യു സുനില്‍കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് നിബന്ധനകള്‍ പാലിച്ച്
ജില്ലയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സെറിമോണിയല്‍ പരേഡ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് നടന്നത്. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.40ന് പരേഡ് കമാന്‍ഡര്‍ പന്തളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ശ്രീകുമാര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.45ന് ജില്ലാ പോലീസ് മേധാവി പി.ബി രാജീവ്, 8.50ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. ഒന്‍പതിന് മുഖ്യാതിഥിയായ വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. മുഖ്യാതിഥി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് ദേശീയ പതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10ന് മന്ത്രി അഡ്വ.കെ. രാജു പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 9.15ന് മുഖ്യാതിഥി റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നല്‍കി. തുടര്‍ന്ന് ദേശീയഗാനത്തോടെ പരിപാടികള്‍ അവസാനിച്ചു.
ജില്ലയിലെ റിപ്പബ്ലിക്ദിനാഘോഷത്തോട് അനുബന്ധിച്ചു നടന്ന പരേഡ് ചിട്ടപ്പെടുത്തിയത് ഡിസ്ട്രിക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് പി.പി സന്തോഷ് കുമാര്‍ ആണ്. പരേഡില്‍ നാല് പ്ലറ്റൂണുകളാണ് അണിനിരന്നത്. റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ പി.ജെ ഫ്രാന്‍സിസ് നയിച്ച ഡിസ്ട്രിക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലറ്റൂണ്‍, മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍പെക്ടര്‍ ആര്‍.അജിത്കുമാര്‍ നയിച്ച ലോക്കല്‍ പോലീസ് പ്ലറ്റൂണ്‍, അടൂര്‍ പോലീസ് സ്റ്റേഷന്‍ വനിത സബ് ഇന്‍പെക്ടര്‍ കെ.എസ്. ധന്യ നയിച്ച വനിതാ പോലീസ് പ്ലറ്റൂണ്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. മധുസൂദനന്‍ പിള്ള നയിച്ച എക്സൈസ് പ്ലറ്റൂണ്‍ എന്നിവയാണ് അണിനിരന്നത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിരുന്നതിനാല്‍ മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരും സ്റ്റേഡിയം കവാടത്തില്‍ തെര്‍മല്‍ സ്്കാനിംഗിന് വിധേയമായി കൈകള്‍ അണുവിമുക്തമാക്കിയ ശേഷം മാത്രമാണ് അകത്തേയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.