Trending Now

വിദ്യാർഥികൾക്കായി പ്ലേ ഫോർ ഹെൽത്ത് പദ്ധതി

സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന്

കോന്നി വാര്‍ത്ത : ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി സ്‌കൂളുകളിൽ കായിക വകുപ്പ് ആരംഭിക്കുന്ന പ്ലേ ഫോർ ഹെൽത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കണ്ണൂർ തളാപ്പ് ഗവൺമെന്റ് മിക്‌സ്ഡ് യു.പി സ്‌കൂളിൽ നടക്കും.

രാവിലെ 9.30ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനാകും. വിദ്യാർഥികളുടെ ശാരീരിക-മാനസികാരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി. സിഡ്‌കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കായികക്ഷമത വളർത്താനുള്ള ഇൻഡോർ-ഔട്ട്‌ഡോർ കായിക ഉപകരണങ്ങൾ സ്‌കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ തുടങ്ങിയ കായിക ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താൻ പരിശീലനം നൽകും. നട്ടെല്ലിനും പേശികൾക്കും ശരീരത്തിലെ ബാലൻസിങ്ങിനും ഉത്തേജനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന സ്‌പൈറൽ ബംബി സ്ലൈഡർ, കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആർ ആൻഡ് എച്ച് പാർക് എന്നീ ഉപകരണങ്ങളാണ് ഔട്ട്‌ഡോറിൽ സ്ഥാപിച്ചിരിക്കുന്നത്. ബാസ്‌ക്കറ്റ്‌ബോൾ അറ്റംപ്റ്റർ, ഫുട്‌ബോൾ ട്രെയിനർ, ബാലൻസിങ്ങ് വാക്ക് തുടങ്ങിയവയാണ് ഇൻഡോറിൽ സജ്ജമാക്കിയിരിക്കുന്നത്.

സ്‌കൂൾ അധ്യാപകരെയാണ് പരിശീലനത്തിനായി ചുമതലപ്പെടുത്തുക. ഇതിനായി അധ്യാപകർക്ക് പ്രത്യേക പരിശിലനം നൽകും. പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താൻ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. മികച്ച പ്രകടനം നടത്തുന്ന വിദ്യാർഥികളെയും അധ്യാപകരെയും കണ്ടെത്തി പ്രത്യേക പ്രോത്സാഹനം നൽകും.

ഗവൺമെന്റ് എൽ.പി സ്‌കൂൾ കഠിനംകുളം, ഗവൺമെന്റ് ഗോപിക സദനം എൽ.പി സ്‌കൂൾ പേരൂർ, ഗവൺമെന്റ് എൽ.പി സ്‌കൂൾ ആറാംപുന്ന, ഗവൺമെന്റ് എൽ.വി.എൽ.പി സ്‌കൂൾ കുന്നന്താനം, ഗവൺമെന്റ് എച്ച്.എസ്.എസ് നെടുങ്കുന്നം, ഗവൺമെന്റ് യു.പി സ്‌കൂൾ നങ്ങ്യാർകുളങ്ങര, ഗവൺമെന്റ് എൽ.പി സ്‌കൂൾ അമ്പലപ്പുഴ, ഗവൺമെന്റ് എൽ.പി സ്‌കൂൾ പെരുനീർമംഗലം, ഗവൺമെന്റ് എൽ.പി സ്‌കൂൾ ചക്കരകുളം, ഗവൺമെന്റ് എൽ.പി സ്‌കൂൾ മട്ടത്തൂർ, ഗവൺമെന്റ് എൽ.പി സ്‌കൂൾ മുക്കാട്ടുകര, ഗവൺമെന്റ് എൽ.പി സ്‌കൂൾ പുതുക്കോട്, ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്‌കൂൾ വെളിയങ്കോട്, ഗവൺമെന്റ് എൽ.പി സ്‌കൂൾ എടപ്പാൾ, ജി.എം.യു.പി സ്‌കൂൾ അരീക്കോട്, ഗവൺമെന്റ് എൽ.പി സ്‌കൂൾ കല്ലുപാടി, ഗവൺമെന്റ് എൽ.പി സ്‌കൂൾ വടക്കുമ്പാട്, ഗവൺമെന്റ് എൽ.പി സ്‌കൂൾ കണ്ണവം, ഗവൺമെന്റ് എൽ.പി സ്‌കൂൾ മുഴപ്പിലങ്ങാട്, ഗവൺമെന്റ് മിക്‌സഡ് യു.പി സ്‌കൂൾ തളാപ്പ്, ഗവൺമെന്റ് എൽ.പി സ്‌കൂൾ കീക്കാംകോട്, ഗവൺമെന്റ് എൽ.പി സ്‌കൂൾ കുളത്തൂർ, ഗവൺമെന്റ് എൽ.പി സ്‌കൂൾ കണ്ടങ്ങോട്, ഗവൺമെന്റ് വി.ജെ.ബി.എസ് തൃപ്പൂണിത്തറ, ഗവൺമെന്റ് എൽ.പി സ്‌കൂൾ കല്ലാർ തുടങ്ങിയ 25 സ്‌കൂളുകളിലാണ് പദ്ധതി.

error: Content is protected !!