Trending Now

24,49,222 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും

 

കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ

സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികൾക്ക് ജനുവരി 31ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി, രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രതിരോധ തുള്ളി മരുന്ന് വിതരണം. സംസ്ഥാനത്താകെ 24,690 ബൂത്തുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ് മാർഗനിർദേശങ്ങളും പൂർണമായും പാലിച്ചു കൊണ്ടായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുക. വാക്സിനേഷൻ സ്വീകരിക്കാൻ എത്തുന്നവർ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. അഞ്ച് വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് മന്ത്രി വ്യക്തമാക്കി.
അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ബൂത്തുകൾ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും. കൂടാതെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗപ്രതിരോധ വാക്സിനേഷൻ പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നൽകിയിട്ടുള്ള കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ പ്രതിരോധ തുള്ളിമരുന്ന് നൽകേണ്ടതാണ്. എന്തെങ്കിലും കാരണവശാൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ വീടുകളിൽ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.
ലോകത്തെ പോളിയോ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി എല്ലാ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണവും മന്ത്രി അഭ്യർത്ഥിച്ചു.

error: Content is protected !!