Trending Now

ജനങ്ങള്‍ക്ക് സാന്ത്വനമേകി കോന്നി തേക്കുമലയിൽ ജനകീയ സഭ നടന്നു

കോന്നി വാര്‍ത്ത :ജനങ്ങൾക്കു സാന്ത്വനമേകി കോന്നി പഞ്ചായത്തിലെ തേക്കുമലയിൽ ജനകീയ സഭ നടന്നു.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ജനകീയ സഭ നടന്നത്. ജനകീയ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം നിർദ്ദേശിക്കുന്ന ജനകീയ സഭ വിജയകരമായി മുന്നോട്ടു പോകുകയാണെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നിക്ഷേപകന്‍റെ മരണത്തെ തുടർന്ന് ഡെപ്പോസിറ്റ് ചെയ്ത പണം ബാങ്കിൽ നിന്നും ലഭിക്കുന്നില്ല എന്ന പരാതി ജനകീയ സഭയിലെത്തി. ലീഡ് ബാങ്ക് മാനേജരെ ഇടപെടുത്തി എം.എൽ.എ ഉടൻ പരിഹാരമുണ്ടാക്കി നല്‍കി .
ചെങ്ങറയിൽ തെരുവുവിളക്ക് പ്രവർത്തിക്കുന്നില്ല എന്ന പരാതിയും ജനകീയസഭയിലെത്തി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ഒരു ദിവസം കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നല്കി.

വന്യമൃഗശല്യം സംബന്ധിച്ച് നിരവധി പരാതികളാണ് ജനകീയ സഭയിൽ എത്തിയത്.കൃഷി നാശം വന്നവർക്ക് ഉടൻ നഷ്ടപരിഹാരം നല്‍കണമെന്ന് എം.എൽ.എ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി . പന്നി ശല്യം ഒഴിവാക്കാൻ സർക്കാർ ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള പരിഷ്കരിച്ച ഉത്തരവ് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സലിൻ ജോസ് ജനകീയ സഭയിൽ വിശദീകരിച്ചു.

പട്ടയം, കുടിവെള്ളം, ചികിത്സാ സഹായം തുടങ്ങിയ പ്രശ്നങ്ങളും ജനകീയ സഭയിൽ ഉയർന്നു വന്നു.വിവിധ വകുപ്പുകളുടെ പ്രതിനിധികളായ ഉദ്യോഗസ്ഥർ അപേക്ഷകളിൽ നടപടി സ്വീകരിച്ചു.

ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി അധ്യക്ഷത വഹിച്ചു.ജനകീയ സഭാ കോ-ഓർഡിനേറ്റർ കോന്നിയൂർ പി.കെ. വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തുളസീ മോഹൻ, പുഷ്പ ഉത്തമൻ ,ജിഷ ജയകുമാർ, ജോയിസ് ഏബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!