Trending Now

മാരാമണ്‍ കണ്‍വന്‍ഷന്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍

കോന്നി വാര്‍ത്ത : മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍
വേഗം പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു.
മാരാമണ്‍ കണ്‍വന്‍ഷന്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ ഒരു സെഷനില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. കോവിഡ് മാനദണ്ഡ പ്രകാരം പുറമേ നടത്തുന്ന പരിപാടികളില്‍ പരമാവധി 200 പേരേ മാത്രമേ അനുവദിക്കൂ എന്നതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം. കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ ആരോഗ്യ വകുപ്പ് പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും.

കണ്‍വന്‍ഷന് എത്തുന്നവരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കണ്‍വന്‍ഷന്‍ നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, കോവിഡ് പ്രോട്ടോക്കോള്‍ പാലനം എന്നിവ പോലീസ് നടത്തും. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തരമായി പൂര്‍ത്തിയാക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും യാചക നിരോധനം ഏര്‍പ്പെടുത്തും.
പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കും. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഫയര്‍ ഫോഴ്സ്, എക്സൈസ് വകുപ്പുകള്‍ കണ്‍വന്‍ഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തും. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ അടൂര്‍ ആര്‍ഡിഒ ഏകോപിപ്പിക്കും. തിരുവല്ല, കോഴഞ്ചേരി തഹസില്‍ദാര്‍മാരെ കോ-ഓര്‍ഡിനേറ്ററായും നിയോഗിച്ചു.
യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം. അലക്‌സ് പി. തോമസ്, റൈറ്റ് റവ. ഡോ. യുയാക്കീം മാര്‍ കൂറിലോസ്, മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി ഫാ.ജോര്‍ജ് എബ്രഹാം, ലേഖക സെക്രട്ടറി സി.വി. വര്‍ഗീസ്, ട്രഷറാര്‍ അനില്‍ മാരാമണ്‍, സഭാ ട്രസ്റ്റി പി.പി.അച്ചന്‍കുഞ്ഞ്, മാനേജിംഗ് കമ്മിറ്റി അംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനീഷ് കുന്നപ്പുഴ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്:പമ്പാ നദിയിലെ മണ്‍പ്പുറ്റ് ഉടന്‍ നീക്കം ചെയ്യും – മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പമ്പാ നദിയിലെ മണ്‍പുറ്റ് ഉടന്‍ നീക്കം ചെയ്യണമെന്ന് മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രാജു എബ്രഹാം എംഎല്‍എയാണ് ഇതുസംബന്ധിച്ച ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. മണ്‍പുറ്റ് മാറ്റുന്ന പണികള്‍ ഉടന്‍ ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ചീഫ് എന്‍ജിനിയര്‍ ഇത് മോണിറ്റര്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പരിഷത്ത് നടക്കുന്നതിന്റെ ഭാഗമായി പമ്പാ നദിയിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പാര്‍ക്കിംഗ് ഗ്രൗണ്ട് സൗകര്യമൊരുക്കാന്‍ ഇറിഗേഷന്‍ വകുപ്പിനും കുടിവെള്ള വിതരണത്തിന് വാട്ടര്‍ അതോറിറ്റിക്കും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ വര്‍ഷവും ചെയ്യാറുള്ളപോലെ അതത് വകുപ്പുകള്‍ ചെയ്യേണ്ട സേവനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഫെബ്രുവരി ഏഴ് മുതല്‍ 14 വരെയാണ് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്നത്. ചെറുകോല്‍ ക്ഷേത്രത്തിന് സമീപമുള്ളത് ഉള്‍പ്പെടെ പമ്പാ നദിയിലെ മണ്‍പുറ്റ് നീക്കം ചെയ്യണമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഹിന്ദു മത പരിഷത്തിന്റെ ഭാഗമായി രണ്ടു താല്‍ക്കാലിക നടപ്പാലം നിര്‍മിക്കുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ചെറുകോല്‍- കുമ്പനാട്, ചെറുകോല്‍- ആശാന്‍ റോഡ്, തടിയൂര്‍- എഴുമറ്റൂര്‍ റോഡുകള്‍ ഹിന്ദു മത പരിഷത്തിന് മുമ്പായി അറ്റകുറ്റപ്പണി നടത്തണമെന്നും രാജു എബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു.
റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍ അറിയിച്ചു. തിരുവല്ല സബ് കളക്ടര്‍ ചേതന്‍കുമാര്‍ മീണയെ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കോ-ഓര്‍ഡിനേറ്ററായി നിയോഗിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, എ.ഡി.എം അലക്‌സ് പി. തോമസ്, അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, സെക്രട്ടറി എ.ആര്‍. വിക്രമന്‍പിള്ള, വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.