ശബരിമല മകരവിളക്ക് ജനുവരി 14 ന്; മകരസംക്രമ പൂജ 14 ന് രാവിലെ 8.14ന്, സന്നിധാനത്ത് മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധിയില്‍ പൂര്‍ത്തിയായി. മകരവിളക്ക് ദര്‍ശനപുണ്യം നേടാനും തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പ സ്വാമിയുടെ ദീപാരാധന കണ്ട് തൊഴാനും എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. ജനുവരി 14 ന് ആണ് മകരവിളക്കും തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയും. ജനുവരി 14 ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതി ഹോമം ഉണ്ടാകും. 7.30 ന് ഉഷപൂജ. 8.14 ന് ആണ് ഭക്തിനിര്‍ഭരമായ മകരസംക്രമപൂജ നടക്കുക. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന നെയ്യ് തേങ്ങയിലെ നെയ്യ് കലിയുഗവരദ വിഗ്രഹത്തില്‍ അഭിഷേകം നടത്തി പൂജ ചെയ്യുന്നതാണ് മകരസംക്രമ പൂജ. പൂജ കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവര് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്യും. അന്ന് 25 കലശാഭിഷേകത്തിനു ശേഷം 12.30 ന് ഉച്ചപൂജ നടക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും.
വൈകുന്നേരം അഞ്ചിന് നട തുറക്കും. 5.15 ന് ക്ഷേത്ര ശ്രീകോവിലില്‍ പൂജിച്ച മാലകളും അണിഞ്ഞ് ദേവസ്വം പ്രതിനിധികള്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിക്കുന്നതിനായി ശരംകുത്തിയിലേക്ക് പോകും. 5.30ന് ശരംകുത്തിയില്‍ സ്വീകരണ ചടങ്ങുകള്‍ നടക്കും. 6.20ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങള്‍ക്ക് പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിനു മുന്നിലായി ദേവസ്വം മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ബോര്‍ഡ് അംഗങ്ങള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരും ചേര്‍ന്ന് ആചാരപ്രകാരം വണങ്ങിയുള്ള സ്വീകരണം നല്‍കും.
തുടര്‍ന്ന് സോപാനത്തിലെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീകോവിലിന് അകത്തേക്ക് ഏറ്റു വാങ്ങും. ശേഷം 6.30ന് മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധന കഴിയുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയും. ഈ സമയം സന്നിധാനവും പരിസരവും ശരണ മന്ത്രങ്ങളാല്‍ മുഖരിതമാകും.
14 ന് രാത്രി മണി മണ്ഡത്തില്‍ കളമെഴുത്തും പാട്ടും പൂജയും നടക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്കുള്ള എഴുന്നെള്ളത്തിനും ആരംഭമാകും. 15, 16, 17,18 തീയതികളില്‍ എഴുന്നെള്ളത്ത് നടക്കും. 19 ന് ആണ് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. അന്ന് രാത്രി ഒന്‍പതിന് ഹരിവരാസനം പാടി നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുസി നടക്കും. 19 വരെ മാത്രമെ ഭക്തര്‍ക്ക് കലിയുഗവരദ ദര്‍ശനത്തിനുള്ള അവസരം ഉണ്ടാവുകയുള്ളു. 20ന് പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. 5.30ന് ഗണപതി ഹോമം. തുടര്‍ന്ന് രാജകുടുംബാംഗങ്ങള്‍ ദര്‍ശനം നടത്തിയശേഷം നട രാവിലെ 6.30 ന് ഹരിവരാസനം പാടി അടയ്ക്കും. ഇതോടെ മകരവിളക്ക് ഉല്‍സവത്തിന് പരിസമാപ്തിയാകും.
പ്രത്യേക പൂജാ വിവരങ്ങള്‍
12-01-2021 ചൊവ്വാഴ്ച (1196 എം .ഇ ധനു 28) വൈകുന്നേരം- പ്രസാദ ശുദ്ധി ക്രിയകള്‍ – ആചാര്യവരണം, പ്രസാദശുദ്ധി, ഗണപതിപൂജ രാക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുകലശം, രക്ഷാകലശം, വാസ്തുബലി വാസ്തുപുണ്യാഹം, അത്താഴപൂജ, തുടര്‍ന്ന് ഹരിവരാസനം.
13-01-2021 ബുധനാഴ്ച (1996 എം .ഇ ധനു 29) രാവിലെ – ബിംബ ശുദ്ധി ക്രിയകള്‍-ഗണപതിഹോമം, ബിംബശുദ്ധി, കലശപൂജകള്‍, ചതുര്‍ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ചു കലശം പൂജകള്‍, ഉഷഃ പൂജയ്ക്ക് ശേഷം ബിംബശുദ്ധി കലശാഭിഷേകം നടക്കും. ഉച്ചയ്ക്ക് ഇരുപത്തിയഞ്ചു കലശാഭിഷേകം.
14-01-2021(1996 എം .ഇ മകരം1) വ്യാഴാഴ്ച രാവിലെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും പതിവ് അഭിഷേകവും നടക്കും. 8.14 ന് മകരസംക്രമപൂജ.
15.01.2021- നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ
16.01.2021-നെയ്യഭിഷേകം, ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ
17.01.2021- നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ
18.01.2021- നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ
നെയ്യഭിഷേകം 18.01.2021 വരെ മാത്രം.
19.01.2021-പടിപൂജ, മാളികപ്പുറം ഗുരുസി
20.01.2021- നട തുറക്കല്‍ രാവിലെ 5 ന്. രാവിലെ 6.30 ന് നട അടയ്ക്കും.