വള്ളിക്കോട് മൂർത്തി മുരുപ്പിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം :അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ജനകീയ സഭ വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തി മുരുപ്പിൽ നടന്നു. ജനകീയ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനായാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയസഭ സംഘടിപ്പിച്ചത്.
വാഴമുട്ടം പ്രദേശത്തെ കുടിവെള്ള പ്രശ്നമാണ് പ്രധാനമായും ഉയർന്നു വ ന്നത്.ദിവസങ്ങളായി ജലവിതരണം നടക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നല്‍കി .റീ സർവ്വെ സംബന്ധിച്ച് ഉയർന്നു വന്ന പരാതികൾ വേഗത്തിൽ പരിഹരിക്കുമെന്ന് റവന്യൂ അധികൃതർ യോഗത്തെ അറിയിച്ചു.
മൂർത്തി മുരുപ്പിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു. കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ഒരു കോടി മുപ്പത് ലക്ഷത്തിന്‍റെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആർ.മോഹനൻ നായർ അധ്യക്ഷത വഹിച്ചു.ജനകീയസഭ കോ-ഓർഡിനേറ്റർ കോന്നിയൂർ.പി.കെ. വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന രാജൻ,ഫാദർ ജിജി തോമസ്, സംഗേഷ്.ജി.നായർ, ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് ജോസ് അയ്യനേത്ത്, സുധാകരൻ, ഗീത ടീച്ചർ, പ്രസന്നകുമാരി, ജി.ലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.