ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്തുകള്‍ ഇനി എല്ലാ ആഴ്ചയിലും

 

ജില്ലാ കളക്ടറേറ്റില്‍ നിന്നും അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി നടത്തിവരുന്ന ജില്ലാകളക്ടറുടെ പരാതി പരിഹാര അദാലത്തുകള്‍ ഇനി എല്ലാ ആഴ്ചയിലും നടത്തുമെന്നും പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. കോവിഡിന്റെ പശ്്ചാത്തലത്തില്‍ തുടക്കമിട്ട ഓണ്‍ലൈന്‍ അദാലത്തുകള്‍ ഇതുവരെ മാസംതോറുമാണ് നടത്തിവന്നത്. ഇതുവരെ ആകെ 14 ഓണ്‍ലൈന്‍ അദാലത്തുകളാണ് ജില്ലയില്‍ നടത്തിയിട്ടുള്ളത്. മുന്‍ ഓണ്‍ലൈന്‍ അദാലത്തു വരെ ലഭിച്ച ആകെ 508 പരാതികളില്‍ 463 എണ്ണവും പരിഹരിച്ചു. ബാക്കി 45 പരാതികള്‍ ദീര്‍ഘനാളായി പരിഹരിക്കാന്‍ കഴിയാതിരുന്നവ, കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നവയാണ്. മുന്‍പ് നടന്ന അദാലത്തില്‍ പരിഗണിച്ച് പരിഹരിച്ച പരാതികള്‍ക്ക് പൂര്‍ണ്ണ പരിഹാരമായില്ലെങ്കില്‍ മുന്‍വിശദാംശങ്ങളുമായി വീണ്ടും അദാലത്തിനെ സമീപിക്കാം. ്അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നടത്തുന്നതിനാല്‍ അദാലത്തുകളില്‍ പൂര്‍ണ കോവിഡ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നു. നേരിട്ട് നടത്തുന്ന ആദാലത്തുകളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറ്റവും അനുയോജ്യം ഓണ്‍ലൈന്‍ അദാലത്തുകളാണ്. പൊതുജനങ്ങള്‍ക്ക് അദാലത്തിനായി തൊട്ടടുത്ത അക്ഷയകേന്ദ്രങ്ങളില്‍ എത്തുന്നതോടെ ദൂരസ്ഥലങ്ങളില്‍ യാത്ര ചെയ്ത് പങ്കെടുക്കുമ്പോള്‍ ഉണ്ടാകാനിടയുളള സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഒഴിവാക്കാന്‍ സാധിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കു സ്വന്തം ഓഫീസുകളിലിരുന്ന് അദാലത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസപെടുത്താതെ പൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയും.

അടൂര്‍ താലൂക്ക് അദാലത്തില്‍ പരിഗണിച്ചത് 24 പരാതികള്‍

കളക്ടറേറ്റില്‍ നിന്നും ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ അടൂര്‍ താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്തില്‍ ലഭിച്ച 24 പരാതികളില്‍ 13 എണ്ണവും പരിഹരിച്ചു. ബാക്കിയുളളവയ്ക്ക് വരും ദിവസങ്ങളില്‍ പരിഹാരമാകും. വസ്തു, വഴി തര്‍ക്കങ്ങള്‍, ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുന്നതു സംബന്ധിച്ച്, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുളള അപേക്ഷ, റീസര്‍വെ, അംഗനവാടികള്‍ക്കു കെട്ടിടം നിര്‍മ്മിക്കുന്നതിനു സ്ഥലം ലഭ്യമാക്കുന്നതിനുളള അപേക്ഷ, ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ അദാലത്തില്‍ പരിഗണനയ്ക്കു ലഭ്യമായിരുന്നു. എ.ഡി.എം അലക്സ് പി. തോമസ്, അടൂര്‍ സഹസില്‍ദാര്‍ ഡി. സന്തോഷ്‌കുമാര്‍, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, ഉദ്യോഗസ്ഥര്‍, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.