കോന്നി വാര്‍ത്ത ഡോട്ട് കോം :ജനകീയസഭയിലെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ വീട്ടിലെത്തി നടപടി സ്വീകരിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.പ്രമാടം മുണ്ടയ്ക്കാ മുരുപ്പിൽ എം.എൽ.എയുടെ ജനകീയസഭയിലെത്തിയാണ് കോന്നി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അമ്മയുടെ രോഗാവസ്ഥ കണ്ണുനീരോടെ വിവരിച്ചത്.
വിദ്യാർത്ഥിനിയുടെ അമ്മ പാലമറൂർ ചിത്ര ഭവനിൽ പി.ശെൽവി (38) ഒരു വർഷമായി അപകടത്തിൽ പരുക്കേറ്റ് എഴുന്നേൽക്കാൻ കഴിയാതെ വീട്ടിൽ കിടപ്പാണ്.അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്. അമ്മയ്ക്ക് കൂട്ടിരുന്ന് ചികിത്സ നടത്തുന്നതിനാൽ മകൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല.
മേശിരിമാർക്കൊപ്പം മെയ്ക്കാട് ജോലിക്കായി 20 വർഷം മുൻപാണ് തമിഴ്നാട് സ്വദേശിനിയായ സെൽവി പ്രമാടം പഞ്ചായത്തിലെത്തുന്നത്.
കഴിഞ്ഞവർഷം ജനുവരിയിൽ പത്തനംതിട്ട കുലശേഖരപതിയിൽ വീടു നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെ മതിൽ ഇടിഞ്ഞു വീണാണ്
ശെൽവിയ്ക്ക് പരിക്കേല്ക്കുന്നത്.
തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും, കോട്ടയം ഗവ.മെഡിക്കൽ കോളേജിലും, കോന്നി താലൂക്ക് ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും സെൽവിക്ക് എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതി തുടരുകയാണ്.
ഫിസിയോ തെറാപ്പി ചെയ്യുന്നതിനു സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ഡോക്ടർമാർ ഉപദേശിച്ചു എങ്കിലും പണമില്ലാത്തതിനാൽ വീട്ടിൽ തുടരുകയും സ്ഥിതി കൂടുതൽ ദയനീയമാകുകയായിരുന്നു.
ജനകീയസഭയിൽ എത്തി അമ്മയെ ചികിത്സിപ്പിക്കാൻ സഹായിക്കണം, എനിക്ക് പഠിക്കാൻ സൗകര്യമൊരുക്കണം എന്നായിരുന്നു സെൽവിയുടെ മകളുടെ അപേക്ഷ.
സെൽവിയെ കാണാൻ നേരിട്ട് വീട്ടിലെത്തിയ എം.എൽ.എ ദയനീയ സ്ഥിതി ബോധ്യപ്പെട്ട് അടിയന്തിര ചികിത്സാ സൗകര്യമൊരുക്കി നല്കി.ഡോക്ടർമാരുമായി എം.എൽ.എ ഫോണിൽ ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കടമ്മനിട്ടയിലുള്ള ഫിസിയോ തെറാപ്പി സൗകര്യമുള്ള ആശുപത്രിയിലേക്ക് ആംബുലൻസ് വിളിച്ചു വരുത്തി സെൽവിയെ മാറ്റുകയാണ് ഉണ്ടായത്.
ചികിത്സാ ചെലവിനാവശ്യമായ ക്രമീകരണവും എം.എൽ.എ ഏർപ്പെടുത്തി നല്കി. കുട്ടിക്ക് പഠനത്തിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കി നല്കുമെന്നും എം.എൽ.എ പറഞ്ഞു.സർക്കാരിൽ നിന്നും ചികിത്സാ സഹായം ലഭിക്കുന്നതിനാവശ്യമായ ക്രമീകരണം ഏർപ്പെടുത്താനും എം.എൽ.എ നിർദ്ദേശം നല്കി.
എം.എൽ.എയോടൊപ്പം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എന്‍ .നവനിത്,പഞ്ചായത്ത് അംഗം വാഴവിള അച്യുതൻ നായർ, രാജേഷ് അക്ളയത്, കെ ആർ ജയൻ, അനീഷ് പ്രമാടം, രാജേഷ് പാലമറൂർ ജിബിൻ, അരുൺ ഐസക്, തുടങ്ങിയവരും ഉണ്ടായിരുന്നു.