Trending Now

ന്യായ വിലയ്ക്ക് മികച്ച ഭക്ഷണം നല്‍കി ജനകീയ ഹോട്ടലുകള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ന്യായ വിലയ്ക്ക് മികച്ച ഭക്ഷണം നല്‍കി പത്തനംതിട്ട ജില്ലയിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍.

ജില്ലയില്‍ 43 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. 20 രൂപയ്ക്ക് രുചികരവും ഗുണമേന്മയുമുള്ള ഉച്ചഭക്ഷണം നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ 1000 ജനകീയ ഭക്ഷണശാലകളാണ് ഈ വര്‍ഷം ആരംഭിക്കുന്നത്.

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെയാണ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ചുമതല തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കാണ്. യൂണിറ്റിന് പ്രാരംഭ ചെലവിലേക്ക് റിവോള്‍വിംഗ് ഫണ്ടായി 5000 രൂപയും ഒരു ഊണിന് സബ്സിഡിയായി 10 രൂപയും കുടുംബശ്രീ ജില്ലാമിഷന്‍ നല്‍കുന്നു.

രുചികരവും ഗുണമേന്മയും ഉള്ള ഭക്ഷണം ന്യായവിലയ്ക്ക് നല്‍കുന്നതിനായി നാല് അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ യൂണിറ്റുകള്‍ രൂപീകരിച്ചാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ജനകീയ ഹോട്ടലുകളിലൂടെ 172 കുടുംബങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ സാധിച്ചതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ പറഞ്ഞു.