കോന്നി വാര്‍ത്ത ഡോട്ട് കോം : നീണ്ട 36 വര്‍ഷത്തെ സേവനം സ്തുത്യര്‍ഹമായ നിലയ്ക്ക് പൂര്‍ത്തിയാക്കി കയ്യാലയ്ക്കകത്തു ജോര്‍ജ് സൈമണ്‍ എന്ന കെ.ജി. സൈമണ്‍ പോലീസ് കുടുംബത്തില്‍നിന്നും പടിയിറങ്ങി. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ (ഡിസംബര്‍ 31) രാവിലെ എട്ടിന് നടന്ന ആകര്‍ഷകമായ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച അദ്ദേഹം വിടവാങ്ങല്‍ പ്രസംഗം നടത്തി. സര്‍വീസില്‍ ഉടനീളം ചരിത്രപരമായ നേട്ടങ്ങള്‍ സ്വന്തമാക്കി തികച്ചും വ്യത്യസ്തനായി മാറി സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലും, കീഴുദ്യോഗസ്ഥരിലും ഒരേപോലെ സ്വാധീനം ചെലുത്തിയ കെ.ജി.സൈമണ്‍ ഇനി വിശ്രമജീവിതത്തിലേയ്ക്ക്.
കേസുകളുടെ അന്വേഷണത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും, മികച്ചതും വ്യത്യസ്തവുമായ മാതൃകകള്‍ മറ്റുള്ളവര്‍ക്ക് സമ്മാനിക്കുകയും ചെയ്താണ് അദ്ദേഹം യൂണിഫോം അഴിച്ചുവയ്ക്കുന്നത്. ആര്‍ജിച്ചെടുത്ത അറിവുകളും അനുഭവങ്ങളും സേനയ്ക്കും സമൂഹത്തിനും സംഭാവന ചെയ്യാന്‍ ഇനിയും സന്നദ്ധനാണെന്നും, ആര്‍ക്കും എപ്പോഴും സമീപിക്കുകയോ ബന്ധപ്പെടുകയോ ആവാമെന്നും അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളിലെ സര്‍ക്കാറുകളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും കേസ് അന്വേഷണത്തിലും മറ്റും നല്‍കിയ എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിനും എന്നും നന്ദിയുണ്ടാകുമെന്നും, നല്‍കിയ ആദരവുകളെല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍, ലോക്കല്‍ പോലീസ്, വനിതാവിഭാഗം എന്നിങ്ങനെ മൂന്ന് പ്ലാറ്റൂണുകള്‍ അണിനിരണ പരേഡ് ജില്ലാപോലീസ് മേധാവിക്ക് വിരമിക്കല്‍ ആദരവ് നല്‍കി. കെ.എ.പി മൂന്നാം ബെറ്റാലിയന്‍ ബാന്‍ഡ് സംഘം പരേഡിന് താളമേകി. പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ പരേഡ് നയിച്ചു. ജില്ലാപോലീസ് മേധാവി സല്യൂട്ട് സ്വീകരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, എസ്എച്ച്ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാപോലീസിലെ വിവിധ തുറകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വിവിധ റാങ്കിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റും സല്‍സേവനപത്രം അദ്ദേഹം സമ്മാനിച്ചു. സഹപ്രവര്‍ത്തകരുടെ ഉപഹാരങ്ങളേറ്റു വാങ്ങിയ ജില്ലാ പോലീസ് മേധാവിയെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ നേരിട്ടെത്തി ആശംസകള്‍ നേര്‍ന്നു. ജില്ലാ പോലീസ് ഓഫീസിലെ ജീവനക്കാര്‍ക്ക് ഒപ്പമുള്ള ഫോട്ടോ സെഷനും, തുടര്‍ന്ന് ജില്ലയിലെ ഡി വൈ എസ് പി മാര്‍, എസ്എച്ച്ഒമാര്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയും, മാധ്യമപ്രവര്‍ത്തകരുമായുള്ള സ്‌നേഹസംഭാഷണങ്ങള്‍ക്കും ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ അദ്ദേഹം ജില്ലാപോലീസ് മേധാവിയുടെ പദവി ഒഴിഞ്ഞു. തുടര്‍ന്ന് ജില്ലാപോലീസ് ഓഫീസിലെ ഗാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉപചാരവും ഏറ്റുവാങ്ങി തൊടുപുഴയിലെ സ്വവസതിയിലേക്ക് തിരിച്ചു.